ലക്‌നൗ: പുരുഷന്മാർ സ്‌ത്രീകളുടെ വസ്‌ത്രങ്ങൾ അളവെടുത്ത് തയ്‌ക്കാനോ സലൂണിലുള്ള പുരുഷന്മാർ സ്‌ത്രീകളുടെ മുടി മുറിക്കാനോ പാടില്ലെന്ന് ഉത്തർപ്രദേശിലെ വനിതാ കമ്മീഷൻ. മോശം സ്‌പർശനത്തിൽ നിന്ന് സ്‌ത്രീകളെ സംരക്ഷിക്കാനാണ് ഈ നിർദേശം മുന്നോട്ടുവച്ചതെന്ന് വനിതാ കമ്മീഷൻ വിശദീകരിച്ചു. ഒക്‌ടോബർ 28ന് നടന്ന യോഗത്തിലാണ് നിർദേശം ഉയർന്നത്.
വസ്‌ത്രങ്ങൾ തയ്‌ക്കാൻ സ്‌ത്രീകളുടെ അളവെടുക്കുന്നത് വനിതകളായിരിക്കണമെന്നും ഈ ഭാഗത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും യോഗത്തിൽ നിർദേശം ഉയർന്നെന്ന് വനിതാ കമ്മീഷൻ അംഗമായ ഹിമാനി അഗർവാൾ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ ബബിത ചൗഹാനാണ് ഈ നിർദേശം മുന്നോട്ടുവച്ചതെന്നും ഹിമാനി പറഞ്ഞു.
സലൂണുകളിൽ സ്ത്രീകളുടെ മുടി വെട്ടുന്നത് സ്ത്രീകളായിരിക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. പുരുഷന്മാരുടെ മോശം സ്‌പർശനം ഒഴിവാക്കാനാണ് ഇതെന്നാണ് വിശദീകരണം. ചില പുരുഷന്മാരുടെ ഉദ്ദേശ്യം നല്ലതല്ലെന്നും ഹിമാനി അഭിപ്രായപ്പെട്ടു. എല്ലാ പുരുഷന്മാർക്കും മോശമായ ഉദ്ദേശ്യങ്ങളുണ്ടെന്നല്ല ഈ പറഞ്ഞതിന്റെ അർത്ഥമെന്നും വനിതാ കമ്മീഷൻ അംഗം വ്യക്തമാക്കി. ഇപ്പോൾ ഇതൊരു നിർദ്ദേശം മാത്രമാണ്. ഇക്കാര്യത്തിൽ നിയമ നിർമ്മാണം നടത്താൻ വനിതാ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുമെന്നും ഹിമാനി അഗർവാൾ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |