അൽബാനി: കാറപകടത്തിൽ 25കാരനായ സോഷ്യൽമീഡിയ ഇൻഫ്ളുവൻസർക്ക് ദാരുണാന്ത്യം. ന്യൂയോർക്ക് സ്വദേശിയായ ആൻഡ്രേ ബീഡിലാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ന്യൂയോർക്കിലെ ക്വീൻസിലുളള നസാവു എക്സ്പ്രസ് റോഡിൽ പുലർച്ചയോടെയായിരുന്നു അപകടം. യൂട്യബിൽ '1 സ്റ്റോക്ക് ഓഫ് 30' എന്ന ചാനലിലൂടെ സോഷ്യൽമീഡിയയിൽ സുപരിചിതനായിരുന്നു യുവാവ്.
ആൻഡ്രേ സഞ്ചരിച്ച ബിഎംഡബ്യൂ നിയന്ത്രണം വിട്ട് റോഡിലൂണ്ടായിരുന്ന ലോഹത്തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്. അമിതവേഗതയിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ന്യൂയോർക്ക് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.സംഭവമറിഞ്ഞതോടെ അപകടസ്ഥലത്തേക്ക് പൊലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും എത്തുകയായിരുന്നു. തുടർന്ന് യുവാവിനെ ജമൈക്ക മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. പിന്നാലെ മരണവും സ്ഥിരീകരിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. സോഷ്യൽമീഡിയയിൽ സജീവമായ താരത്തിന് യൂട്യൂബിൽ 59,500 സബ്സ്‌ക്രൈബേഴ്സും ഇൻസ്റ്റഗ്രാമിൽ 250,000 ഫോളോവേഴ്സും ഉണ്ട്. കാർ റേസിംഗുമായി ബന്ധപ്പെട്ടുളള സാഹസിക വീഡിയോകളാണ് ആൻഡ്രേ കൂടുതലും പങ്കുവയ്ക്കാറുളളത്. കഴിഞ്ഞ ജൂണിൽ അമിതവേഗതയിൽ സഞ്ചരിച്ചതിനെ തുടർന്ന് തന്റെ ബിഎംഡബ്യൂ അപകടത്തിൽപ്പെട്ടതായി യുവാവ് ഒരു വീഡിയോയിൽ വെളിപ്പെടുത്തിയിരുന്നു.
ഹാഫെൻ പാർക്കിൽ ഇന്ന് നടക്കാനിരുന്ന ഒരു പരിപാടിയിൽ ആൻഡ്രേ പങ്കെടുക്കാനിരിക്കെയാണ് മരണവാർത്ത എത്തിയത്. ആരാധകരുടെ ക്ഷണം അനുസരിച്ചായിരുന്നു പരിപാടിയിൽ പങ്കെടുക്കാമെന്ന് യുവാവ് തീരുമാനിച്ചിരുന്നത്. സോഷ്യൽമീഡിയയിലൂടെ നിരവധിയാളുകൾ ആൻഡ്രേയുടെ മരണത്തിൽ വിഷമം അറിയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |