വീട്ടിൽ അധികമായി വരുന്ന ചോറ് നിങ്ങൾ എന്താണ് ചെയ്യുന്നത്? ചിലർ ചോറ് ഫ്രിഡ്ജിലേക്ക് മാറ്റും. അല്ലെങ്കിൽ വേസ്റ്റിലേക്ക് കളയും. ഇനിമുതൽ അങ്ങനെയൊന്നും ചെയ്യേണ്ട. അധികമായി വരുന്ന ചോറുപയോഗിച്ച് എളുപ്പത്തിൽ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് പലഹാരം തയ്യാറാക്കുന്നത് എങ്ങനെയൊണെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
ഒരു കപ്പ് ചോറ്, ഒരു സവാള ചെറുതായി അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി, ഒരു നാരങ്ങയുടെ പകുതി, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത്, ഉപ്പ്, കാൽടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽടീസ്പൂൺ ജീരകം പൊടിച്ചത്. കാൽ ടീസ്പൂൺ മല്ലിപ്പൊടി,ഒരു ടീസ്പൂൺ മുളകുപൊടി, കറിവേപ്പില, മൂന്ന് ടീസ്പൂൺ മൈദ, വെളിച്ചെണ്ണ
തയ്യാറാക്കുന്ന രീതി
ഒരു കപ്പ് ചോറ് മിക്സിയുടെ ജാറിലിട്ട് അധികം കുഴയാത്ത രീതിയിൽ അരച്ചെടുക്കുക. അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി, നാരങ്ങയുടെ നീര്, കാൽടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽടീസ്പൂൺ ജീരകം പൊടിച്ചത്. കാൽ ടീസ്പൂൺ മല്ലിപ്പൊടി,ഒരു ടീസ്പൂൺ മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റി മൂന്ന് ടീസ്പൂൺ മൈദയും അൽപം എണ്ണയും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം ചെറിയ ഉരുളകളാക്കി എണ്ണയിലിട്ട് വറുത്തെടുക്കാവുന്നതാണ്. ഇത് ചായയോടൊപ്പം സോസിൽ മുക്കി കഴിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |