ലുധിയാന: പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ നരബലി നടത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ലുധിയാന അഡീഷണൽ സെഷൻസ് കോടതിയാണ് ധർമീന്ദർ സപേര എന്ന യുവാവിന് തടവുശിക്ഷ വിധിച്ചത്. നാല് വയസുകാരിയെ മന്ത്രവാദി പറഞ്ഞതനുസരിച്ച് നരബലി നൽകാനായി തട്ടിക്കൊണ്ട് പോയ സംഭവത്തിലാണ് ഇയാൾക്ക് ശിക്ഷ ലഭിച്ചത്.
2022 ഒക്‌ടോബർ 14നാണ് സംഭവം. ബിഹാർ സ്വദേശിയായ ധർമീന്ദർ സപേരയുടെ ഭാര്യ ഇയാളുമായി പിണങ്ങി തിരികെ ബിഹാറിലെ സഹോദരന്റെ വീട്ടിലേക്ക് പോയി. ഭാര്യയെ തിരികെ കൊണ്ടുവരാൻ ഇയാൾ വഴിതേടി ഒരു മന്ത്രവാദിയെ സമീപിച്ചു. കുട്ടിയെ ബലിനൽകിയാൽ ഭാര്യ തിരികെയെത്തുമെന്ന് മന്ത്രവാദി നിർദ്ദേശിച്ചു. ഇതോടെ കാലു റാം എന്ന തൊഴിലാളിയുടെ മകളെ ധർമീന്ദർ തട്ടിക്കൊണ്ടുപോയി. നാലുവയസുകാരിയായ ലക്ഷ്‌മിയെയാണ് സ്‌കൂളിൽ വച്ച് ഇയാൾ തട്ടിയെടുത്തത്. കാലു റാമിന്റെ പരാതിയിൽ പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ധർമീന്ദർ കുട്ടിയെ തട്ടിയെടുത്തെന്ന് മനസിലായി.
കുട്ടിയെ ബലിനൽകാൻ പറ്റിയ സ്ഥലം അന്വേഷിക്കുന്നതിനിടെ ഇയാൾ പിടിയിലായി. പരാതിക്കാരനുമായി പ്രതിക്ക് വൈരാഗ്യമില്ലെന്നും സംഭവത്തിന് സാക്ഷികളില്ലെന്നും കോടതിയിൽ പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ഇത് തള്ളുകയും ധർമീന്ദറിന് പത്ത് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷയായി വിധിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |