മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടരും എന്ന് പേരിട്ടു. 26വർഷത്തിനുശേഷം മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്നതാണ് തരുൺമൂർത്തി ചിത്രത്തിന്റെ സവിശേഷത.പരസ്യ ചിത്ര സംവിധായകൻ പ്രകാശ് വർമ്മയാണ് മറ്രൊരു പ്രധാന താരം. ഒാപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കുശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തുടരും ഏറെ പ്രതീക്ഷ നൽകുന്നു. ഏറെ നാളുകൾക്കുശേഷം മോഹൻലാൽ സാധാരണക്കാരനായി എത്തുന്ന ചിത്രം കുടുംബ പശ്ചാത്തലമാണ്. ഷൺമുഖൻ എന്ന ടാക്സി ഡ്രൈവറുടെ വേഷമാണ് മോഹൻലാലിന്. ഭാര്യ വേഷമാണ് ശോഭന അവതരിപ്പിക്കുന്നത്. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഭാരതിരാജ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ്. കമൽഹാസനും ശ്രീദേവിയും രജനികാന്തും അഭിനയിച്ച 16 വയതനിലെ എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള തമിഴ്നാട് സർക്കാർ ബഹുമതി ഭാരതിരാജ സ്വന്തമാക്കിയിട്ടുണ്ട്. കിഴക്കേ പോകും റെയിൽ, സിഗപ്പ് റോജാക്കൾ, കടലോര കവിതകൾ, നാടോടി തെന്ദ്രൽ, കറുത്തമ്മ, അന്നകൊടി തുടങ്ങിയവയാണ് ശ്രദ്ധേയ സംവിധാന ചിത്രങ്ങൾ. തെലുങ്കിലും സംവിധാനം ചെയ്തിട്ടുണ്ട്. ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കി. വിജയ് സേതുപതി നായകനായ മഹാരാജ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. അതേസമയം ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ആർഷ ചാന്ദിനി ബൈജു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കൂടാതെ നിരവധി പുതുമുഖങ്ങളെയും അവതരിപ്പിക്കുന്നു. കഥ:.കെ. ആർ. സുനിൽ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം: ഷാജികുമാർ. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമ്മാണം.ജനുവരിയിൽ ചിത്രം തിയേറ്ററിൽ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |