തിരുവനന്തപുരം: മാനവീയം വീഥിയും പരിസരവും രാത്രി സമയങ്ങളിൽ ക്രിമിനൽ സംഘങ്ങൾ കൈയടക്കുന്നതായി ആക്ഷേപം. വ്യാഴാഴ്ച രാത്രി പത്തരയോടെ മാനവീയം വീഥിക്കടുത്തുള്ള ആൽത്തറ ജംഗ്‌ഷനു സമീപത്തായി വെമ്പായം സ്വദേശിയായ ഷിജിത്തിന് കുത്തേറ്റതാണ് ഒടുവിലത്തെ സംഭവം.
നൈറ്റ് ലൈഫിനായി സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച മാനവീയം വീഥി ഇടയ്ക്കിടെ ക്രിമിനൽ സംഘങ്ങളുണ്ടാക്കുന്ന അക്രമ സംഭവങ്ങളാൽ പേരിന് കളങ്കം നേരിടുകയാണ്.
ഇക്കഴിഞ്ഞ ഏപ്രിലിൽ മാനവീയം വീഥിയിൽ പൊലീസ് നോക്കിനിൽക്കെ ബന്ധുക്കളായ യുവാക്കൾക്കുനേരെ മദ്യപ സംഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. നൈറ്റ് ലൈഫ് ആസ്വദിക്കാനെന്ന പേരിൽ ലഹരിസംഘങ്ങളുടെ താവളമായി മാനവീയം വീഥി മാറുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്.
കുടുംബവുമായി എത്തുന്നവർക്കും ക്രിമിനലുകൾ ഭീഷണിയാകുന്നുണ്ട്. മാനവീയം വീഥിയിലെത്തിയ അദ്ധ്യാപികയ്ക്കും കുടുംബത്തിനും നേരെ ലഹരി മാഫിയാ സംഘങ്ങളുടെ ആക്രമണമുണ്ടായത് കുറച്ചുനാൾ മുൻപാണ്.
ഇവിടെ നിരവധി തവണ ആക്രമണമുണ്ടായെങ്കിലും മാഫിയാസംഘത്തെ ഭയന്ന് ആരും പൊലീസിൽ പരാതി നൽകാറില്ല.പൊലീസിന്റെ മേൽനോട്ടക്കുറവും എക്സൈസിന്റെ നിരീക്ഷണം കാര്യക്ഷമമല്ലാത്തതും ലഹരി സംഘങ്ങൾ സജീവമാകാൻ കാരണമായി.
മുൻപൊരിക്കൽ കലാപരിപാടിക്കിടെ മദ്യപിച്ചെത്തിയ യുവാക്കൾ ചേരിതിരിഞ്ഞ് ഇവിടെ ഏറ്റുമുട്ടിയിട്ടുണ്ട്.സിഗരറ്റ് പുക മുഖത്തേക്ക് ഊതിയതിലും നൈറ്റ് ലൈഫിനിടെ ഡാൻസ് കളിക്കുന്നതിനെച്ചൊല്ലിയും പലപ്പോഴും അടിപിടിയുണ്ടായി. നൈറ്റ് ലൈഫ് ആസ്വദിക്കാനെത്തിയ സംഘം വീഥിയിലെ വൈദ്യുതിവിളക്കുകളും ടൈലുകളും അടിച്ചു തകർത്തിരുന്നു. കലാപരിപാടികൾ നടക്കുമ്പോൾ നൃത്തം വയ്ക്കുന്നതിന്റെ പേരിലാണ് പലപ്പോഴും സംഘർഷമുണ്ടാകുന്നത്.
ഒന്നര വർഷത്തിനിടെ ലഹരിമാഫിയ സംഘങ്ങളുടെ നേതൃത്വത്തിൽ ഇവിടെ പതിനഞ്ചോളം ആക്രമണങ്ങൾ നടന്നെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്. മാനവീയം വീഥിയിൽ ലഹരിസംഘങ്ങൾ താവളമാക്കുന്നുവെന്നും അക്രമസംഭവങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നും മാസങ്ങൾക്ക് മുൻപ് സി.പി.എം നേതാവും മുൻ കൗൺസിലറുമായ ഐ.പി.ബിനു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിരുന്നു.
സിന്തറ്റിക്ക് ലഹരി ഉൾപ്പെടെയുള്ളവയുടെ വിപണനവും ഉപയോഗവും വലിയ രീതിയിൽ നടക്കുന്നുണ്ട് എന്നതുൾപ്പെടുത്തി സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷിച്ച റിപ്പോർട്ടും ഉന്നത ഉദ്യോഗസ്ഥ തലത്തിൽ സമർപ്പിച്ചിരുന്നു. എന്നാൽ കർശനമായ നടപടികളും നിരീക്ഷണങ്ങളുമില്ലാതെ വന്നതോടെ അക്രമങ്ങൾ പതിവാകുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |