കൊച്ചി: മാലിന്യം തള്ളിയ കുറ്റത്തിന് പൊലീസും മറ്റും പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഉടൻ കണ്ടുകെട്ടാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. എല്ലാ സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർക്കും അറിയിപ്പുനൽകാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകി.
മാലിന്യവണ്ടികൾ വിട്ടുകൊടുക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി വേണമെന്നും രണ്ടു ലക്ഷംരൂപ ബാങ്ക് ഗ്യാരന്റി കെട്ടണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ഇതിന് വിരുദ്ധമായി വാഹനങ്ങൾ വിട്ടുകൊടുത്ത സംഭവങ്ങളുണ്ടായി. വണ്ടി വിട്ടുകൊടുത്താൽ ഉടമകൾ നിരപരാധികളെന്ന് വാദിക്കും. ഇതോടെ യാതൊരു നടപടിയുമില്ലാതെ കേസ് അവസാനിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഓൺലൈനായി ഹാജരായ തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമയ്ക്ക് കണ്ടുകെട്ടൽ നിർദ്ദേശം നൽകിയത്.
കക്കൂസ് മാലിന്യ സംസ്കരണത്തിന്
സ്ഥലം കണ്ടെത്തൽ പ്രശ്നം
സംസ്ഥാനത്ത് 91 കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റുകളാണ് ലക്ഷ്യമിടുന്നതെന്ന് സ്പെഷ്യൽ സെക്രട്ടറി കോടതിയെ അറിയിച്ചു. നാലിടത്ത് തുടങ്ങി. 40 ഇടങ്ങളിൽ സ്ഥലംകണ്ടെത്തി. 47 പ്ലാന്റുകൾക്ക് സ്ഥലംകണ്ടെത്തലാണ് മുഖ്യപ്രശ്നം. ഫണ്ട് കണ്ടെത്തലാണ് രണ്ടാമത്തെ തടസമെന്നും അനുപമ പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങളും പ്രതിസന്ധികളും വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. സി.എസ്.ആർ ഫണ്ട് പരമാവധി സ്വരൂപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും കോടതി പറഞ്ഞു. ക്ലീൻ കേരള കമ്പനിയുടെ പ്രവർത്തനം സംബന്ധിച്ച ഫ്ലോ ചാർട്ടും സമർപ്പിക്കണം. മാലിന്യസംസ്കരണത്തിൽ സിംഗപ്പൂർ മാതൃക സർക്കാർ വിലയിരുത്തേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്ത പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത ഹർജികൾ ഡിസംബർ ആറിന് വീണ്ടും പരിഗണിക്കും.
# ഞുണങ്ങാറിനെ കരുതണം
ശബരിമലയിൽനിന്ന് പമ്പയിലേക്കുള്ള നീർച്ചാലായ ഞുണങ്ങാർ മലിനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കക്കൂസ് മാലിന്യങ്ങളടക്കം പമ്പയിൽ കലരാതെ ഞുണങ്ങാറിലെ വെള്ളം ശുദ്ധീകരിക്കാൻ നടപടിവേണം. തീർത്ഥാടനകാലത്തെ മാലിന്യങ്ങൾ പമ്പയിലൂടെ മറ്റിടങ്ങളിൽ എത്താതിരിക്കാൻ സംവിധാനമൊരുക്കണമെന്നും നിർദ്ദേശിച്ചു. ശബരിമലയിലെ മാലിന്യ സംസ്കരണത്തിന് സമഗ്രപദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് സ്പെഷ്യൽ സെക്രട്ടറി അറിയിച്ചു. പൂർത്തിയാകാൻ രണ്ടുവർഷംവരെയെടുക്കും. അതുവരെ താത്കാലിക ശുദ്ധീകരണ നടപടികൾ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |