കണ്ണൂർ: തള്ളിപ്പറയുമ്പോഴും പി.പി.ദിവ്യയെ കണ്ണൂരിലെ പാർട്ടി ചേർത്തുപിടിക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. ദിവ്യ പാർട്ടി കേഡറെന്നും ചേർത്ത് പിടിക്കുമെന്നും പാർട്ടി സെക്രട്ടറി ഗോവിന്ദൻ പറഞ്ഞതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ പി.കെ.ശ്യാമള അടക്കമുള്ള ജില്ലയിലെ നേതാക്കൾ ദിവ്യയെ കാണാൻ ജയിലിലെത്തി. ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിൽ തനിക്കും പാർട്ടിക്കും സന്തോഷമെന്നാണ് കേന്ദ്ര കമ്മറ്റി അംഗം പി.കെ.ശ്രീമതി പറഞ്ഞത്. പാർട്ടി നടപടിയുടെ വിശദാംശങ്ങളും ജാമ്യ വിവരവും ദിവ്യയെ അറിയിക്കാൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ ബിനോയ് കുര്യൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി.ഗോപിനാഥ് അടക്കുള്ളവർ നേരിട്ടെത്തി. ജാമ്യം ലഭിച്ചതിന് പിന്നാലെ എല്ലാവർക്കും നന്ദി അറിയിച്ച് ഡി.വൈ.എഫ് നേതാവ് പി.പി.ഷാജിർ ഫേസ് ബുക്ക് കുറിപ്പിറക്കി. ദിവ്യയെ നേതാക്കൾക്ക് കാണുന്നതിന് വിലക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞതോടെയാണ് നേതാക്കൾ ദിവ്യയെ കാണാൻ ജയിലിലെത്തിയത്.
തരംതാഴ്ത്തൽ സ്ഥിരീകരിച്ച് ജില്ലാ കമ്മിറ്റി
ദിവ്യയെ തരംതാഴ്ത്തിയുള്ള നടപടി സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി സ്ഥിരീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ട പാർട്ടി ചുമതലകളിൽ നിന്ന് ദിവ്യയെ മാറ്റിയതായി ജില്ലാ സെക്രട്ടറി അറിയിച്ചു. പാർട്ടിയുടെ യശസിന് കളങ്കമേൽപ്പിക്കുന്ന വിധത്തിൽ പെരുമാറിയതിനാണ് നടപടിയെന്ന് ഇതുസംബന്ധിച്ച് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ദിവ്യയ്‌ക്കെതിരെ നടപടിയെടുക്കാൻ കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ കമ്മിറ്റിക്ക് അനുമതി നൽകിയിരുന്നു. ഇരിണാവ് ഡാം ബ്രാഞ്ച് അംഗമായി ദിവ്യ പാർട്ടിയിൽ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |