തിരുനെല്ലി: അമ്മയെ തേടിയിറങ്ങിയ കുട്ടിയാന ഒടുവിലെത്തിയത് ആനവണ്ടിയ്ക്കുമുന്നിൽ. തല കുലുക്കിയും വാലാട്ടിയും മിനുറ്റുകളോളം ബസിനു ചുറ്റും ഓടി നടന്ന് കുസൃതി കാട്ടിയ കാട്ടാനക്കുട്ടി യാത്രക്കാർക്ക് കൗതുക കാഴ്ചയായി. തിരുനെല്ലി തെറ്റ് റോഡിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു കുട്ടിയാനയുടെ കുറുമ്പുകാട്ടൽ. ജനിച്ച് മാസങ്ങൾ മാത്രം പ്രായമായ കുട്ടിയാനയാണ് വഴിതെറ്റി റോഡിലെത്തിയത്. അപ്രതീക്ഷിതമായി കാട്ടാനക്കുട്ടി റോഡിലൂടെ ഓടി വരുന്നത് കണ്ട് ബസ് നിർത്തിയിട്ടു. എന്നാൽ കുറുമ്പുകാട്ടി കുട്ടിയാന ബസിന് ചുറ്റും ഓടുകയായിരുന്നു. വിവരമറിഞ്ഞ് വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോഴേക്കും ബസിനെ വിട്ട് 300 മീറ്ററോളം റോഡിലൂടെ ഓടി നിന്നു. ഒടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അനുനയിപ്പിച്ച് അമ്മയുടെ അരികിലെത്തിക്കുകയായിരുന്നു. ഒരു മണിക്കൂറിനുശേഷമാണ് അമ്മയാനയെ കണ്ടുപിടിക്കാനായത്. വാഹനങ്ങളുമായി കൂട്ടിയിടിക്കാതെ കാടുകയറ്റാൻ കഴിഞ്ഞതിന്റെ ആശ്വാസം വനം വകുപ്പ് ഉദ്യോഗസ്ഥർക്കുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |