ബംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ ബംഗളൂരുവിലെ താജ് ഹോട്ടലുകളിൽ തെളിവെടുപ്പ് നടത്തും. ഇന്നലെ അന്വേഷണ സംഘം പരാതിക്കാരന്റെ മൊഴിയെടുത്തിരുന്നു. ഒമ്പത് വർഷത്തിന് മുമ്പുള്ള സംഭവമായതിനാൽ ഏത് താജ് ഹോട്ടലാണെന്ന് പറയാൻ സാധിക്കുന്നില്ലെന്നാണ് യുവാവ് മൊഴി നൽകിയിരിക്കുന്നത്.
അതിനാൽത്തന്നെ പരാതിക്കാരനെ ബംഗളൂരു നഗരത്തിലുള്ള നാല് താജ് ഹോട്ടലുകളിലും എത്തിച്ച് മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. തെളിവെടുപ്പിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ രഞ്ജിത്തിന് നോട്ടീസ് നൽകും.
സിനിമയില്‍ അവസരം ചോദിച്ചെത്തിയപ്പോള്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി. ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നുവെന്നും അതില്‍ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താന്‍ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പിറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചു, മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കി കുടിക്കാന്‍ നിര്‍ബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് ആരോപിച്ചത്.
തന്റെ നഗ്ന ചിത്രങ്ങൾ നടിക്ക് അയച്ചുകൊടുത്തുവെന്ന് യുവാവ് ആരോപിച്ചിരുന്നു. 'രഞ്ജിത്ത് മുറിയിലുള്ള സമയം. എന്നോട് നഗ്നനായി നിൽക്കാൻ പറഞ്ഞു. ഈ സമയം രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. രേവതിയാണെന്നാണ് രഞ്ജിത്ത് എന്നോട് പറഞ്ഞത്. രേവതിയുമായി രഞ്ജിത്തിന് ബന്ധമുണ്ടോയെന്നൊന്നും എനിക്കറിയില്ല. '- എന്നായിരുന്നു യുവാവ് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |