മലയാളികളുടെ മനസിൽ കയറികൂടിയ പാട്ടുകളിലൂടെ ചുവടുറപ്പിച്ച യുവഗായിക ആൻ ആമി ആഹ്ളാദത്തിളക്കത്തിൽ. അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അദ്ഭുതവിളക്കും സിനിമയിൽ 'തിങ്കൾ പൂവിൻ "എന്ന പാട്ട് ആൻ ആമിക്ക് സമ്മാനിച്ചത് മികച്ച ഗായിക എന്ന സംസ്ഥാന അംഗീകാരം. അന്യ ഭാഷാ നായികമാരുടെ പ്രിയ ശബ്ദമായി ഡബ്ബിംഗ് മേഖലയിലും തിളങ്ങുന്ന ആൻ ആമി പാട്ടു വിശേഷങ്ങൾ പങ്കിട്ട് കേരള കൗമുദിയോടൊപ്പം.
''‘തിങ്കൾ പൂവിൻ’ എന്ന പാട്ടെനിക്ക് പേഴ്സണൽ ആണ്. സംസ്ഥാന പുരസ്കാരം ആഗ്രഹിച്ചെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. എന്റെ കരിയറിലെ നാഴികക്കല്ല് തന്നെയാണ് ഈ പാട്ടിന് കിട്ടിയ സംസ്ഥാന പുരസ്കാരം. അത് പാട്ടിനും അഖിൽ സത്യനും സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരനും സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അർഹതപ്പെട്ടതാണ്."" നിറഞ്ഞ് ചിരിച്ച് ആൻ ആമി.
ശ്രോതാക്കൾക്കിടയിൽ ആൻ ആമി എന്ന പേര് ആഴത്തിൽ പതിഞ്ഞെന്ന് കരുതുന്നുണ്ടോ?
ഒരിക്കലും പ്രതീക്ഷിക്കാതെയാണ് എല്ലാം ലഭിച്ചത്. 2016ൽ ആണ് പിന്നണി ഗായികയായി കരിയർ തുടങ്ങുന്നത്. അതിന് മുമ്പ് തെലുങ്കിൽ നിന്ന് മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത സിനിമകളിൽ പാടി . പക്ഷേ അതൊന്നും വെളിച്ചം കണ്ടില്ല. നമുക്ക് പറഞ്ഞ പണിയാണോ ഇതെന്ന് തോന്നി. പാഷൻ ആയി കണ്ട മ്യൂസിക് തന്നെ കരിയറാക്കാൻ കഴിഞ്ഞാൽ അതിലും വലിയ അനുഗ്രഹം വേറെയുണ്ടോ എന്ന് ആലോചിച്ചു. എത്ര പേർക്കാണ് അങ്ങനെ ചെയ്യാൻ കഴിയുന്നതെന്ന് ഒാർത്തു . ഞാൻ അത്രമാത്രം ആഗ്രഹിച്ചിട്ടുണ്ട്. ഒരിക്കലും ശ്രമം നിറുത്തിയില്ല. അത് നടന്നില്ലെങ്കിലും കുഴപ്പമില്ല എന്ന രീതിയിൽ മനസിനെ പാകപ്പെടുത്തി . സംഗീത സംവിധയകൻ ഹിഷാം അബ്ദുൽ വഹാബാണ് സഹായിച്ചത്. ഞാൻ പറയാതെ തന്നെ ഷാനിക്കയ്ക്ക് ( ഷാൻ റഹ്മാൻ) ഹിഷാം എന്റെ പാട്ട് അയച്ചു കൊടുത്തു. അങ്ങനെയാണ് ഷാനിക്ക ആദ്യത്തെ പാട്ട് പാടാൻ വിളിക്കുന്നത്. ഒരു പാട്ടെങ്കിലും സിനിമയിൽ പാടിയാൽ മതി എന്ന ചിന്തയായിരുന്നു എനിക്ക്. അതിൽ ഒരു കരിയർ തന്നെ ഉണ്ടാകും എന്ന് വിചാരിച്ചില്ല. അവസരം കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ആ കാര്യത്തിൽ എനിക്ക് കിട്ടിയത് ഭാഗ്യമാണ്. പാട്ടിൽ നിന്ന് ഡബ്ബിംഗിലേക്ക് എത്തുമെന്നും കരുതിയില്ല. ഡബ്ബിംഗ് ആർട്ടിസ്റ്റ് ആകുക എന്നതും ആഗ്രഹമായിരുന്നു. ഇപ്പോഴും ഒരുപാട് ആഗ്രഹങ്ങളുണ്ട്.
പതിനഞ്ചിലധികം നായികമാർക്ക് സ്വരമായപ്പോൾ ആർക്ക് ശബ്ദം നൽകിയപ്പോഴാണ് കൂടുതൽ തിരിച്ചറിഞ്ഞത് ?
കൂടുതൽ പ്രശംസ ലഭിച്ചത് സീതാരാമത്തിൽ മൃണാൾ താക്കൂറിന് ശബ്ദം നൽകിയപ്പോഴാണ്. എനിക്ക് കിട്ടിയതിൽ ഏറ്റവും വലിയ അംഗീകാരം എന്നത് എന്നെ ആളുകൾ 'സീത "എന്ന് വിളിച്ച് തുടങ്ങി എന്നതാണ്. ഏറ്റവും കൂടുതൽ ശബ്ദം നൽകിയത് കല്യാണി പ്രിയദർശനാണ്. കല്യാണിയുടെ ആദ്യ സിനിമയാണ് എന്റെയും ഡബ്ബിംഗ് കരിയറിലെ ആദ്യ സിനിമ. വരനെ ആവശ്യമുണ്ട്, ബ്രോ ഡാഡി, ആന്റണി എന്നീ സിനിമകളിൽ കല്യാണിക്ക് ശബ്ദം നൽകി. ഞങ്ങൾ തമ്മിൽ എന്തോ ഒരു സിങ്കുണ്ട്. കല്യാണിക്ക് ഡബ്ബ് ചെയ്തുവെന്ന് പറയുമ്പോൾ കേൾക്കുന്നവർ ഞെട്ടും. ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമായി കാണുന്നു.
ദുബായിലെ ജീവിതം കരിയറിൽ എന്ത് മാറ്റം വരുത്തി ?
ഞാൻ ഒരു കലാകാരി ആയിട്ടുണ്ടെങ്കിൽ അതിൽ വലിയൊരു പങ്കുവഹിച്ചത് ദുബായ് തന്നെയാണ്. ഏറ്റവും കൂടുതൽ കാലം ജീവിച്ചത് ദുബായിലാണ്. പന്ത്രണ്ടാം ക്ലാസ് വരെ ദുബായിൽ തന്നെയായിരുന്നു. ഇടക്ക് രണ്ടു വർഷം മാത്രമാണ് അവിടെ ഇല്ലാതിരുന്നത്. ബിരുദാനന്തര ബിരുദം ചെയ്തതും ദുബായിൽ തന്നെയാണ്. എന്റെ മാതാപിതാക്കൾ അവിടെയാണ്, അതാണ് ഇടയ്ക്ക് അവിടേക്ക് യാത്ര.എനിക്ക് പാടാൻ പറ്റുമെന്ന് ആദ്യമായി മാതാപിതാക്കൾ മനസിലാക്കുന്നത് ദുബായിൽ വച്ചാണ്. പാട്ട് പഠിച്ച് തുടങ്ങിയതും ആദ്യമായി സ്റ്റേജിൽ പാടിയതും അവിടെയാണ് .എല്ലാ മത്സരത്തിലും പങ്കെടുക്കുമായിരുന്നു.അവിടെ അത്രമാത്രം അവസരങ്ങളുണ്ട്, നാല് തവണ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. ഓണത്തിന് ഒരുപാട് പ്രശസ്ത ഗായകർക്കൊപ്പം പാടാൻ അവസരം ലഭിച്ചു.മാതാപിതാക്കളും അനിയനും പ്രോത്സാഹനം തന്നു.
ക്യാമറയ്ക്ക് മുന്നിൽ വരാൻ വൈകുന്നതാണോ ?
യാഹുവിലെ ജോലി രാജിവച്ച സമയത്താണ് അഭിനയിക്കാൻ ആദ്യ അവസരം ലഭിച്ചത്. പാട്ടും ജോലിയും ഒന്നിച്ച് കൊണ്ടുപോകുന്ന സമയമായിരുന്നു അത്. ജോലി രാജിവച്ചപ്പോൾ ഗായിക എന്ന കരിയർ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാം എന്നാണ് മനസിൽ കരുതിയത്. അഭിനയിക്കാൻ വന്ന ആദ്യ അവസരം വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. പിന്നീട് വന്ന കഥാപാത്രങ്ങൾ അനുയോജ്യമായി തോന്നിയില്ല. നടക്കേണ്ട കാര്യമെങ്കിൽ നടക്കും എന്നാണ് വിശ്വാസം. എനിക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രം വന്നാൽ അഭിനയത്തിൽ ഒരു കൈ നോക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |