അബുദാബി: യുഎഇയിൽ ഫ്ളൈറ്റിനും ബസിനും മെട്രോ ട്രെയിനിനുമൊക്കെ പുറമെ ജനങ്ങൾക്കായി പുതിയ ഗതാഗത സംവിധാനമെത്തുന്നു. 2025 നാലാം പാദത്തോടെ എയർ ടാക്‌സി സർവീസ് (വ്യോമ ടാക്‌സി സേവനം) യുഎഇയിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഇലക്‌ട്രിക് ഫ്ളൈയിംഗ് കാർ നിർമാതാക്കളായ ആർച്ചർ.
ഈ വർഷം ആദ്യം, യുഎഇയിൽ എയർ ടാക്‌സികൾ നിർമ്മിക്കുന്നതിനും എമിറേറ്റ്‌സിൽ അന്താരാഷ്ട്ര ആസ്ഥാനം സ്ഥാപിക്കുന്നതിനുമായി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ ആർച്ചർ ഏവിയേഷന് അബുദാബിയിൽ നിന്ന് ദശലക്ഷം ഡോളറുകളുടെ നിക്ഷേപങ്ങൾ ലഭിച്ചിരുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാന പങ്കാളികളായ ഇത്തിഹാദ് ട്രെയിനിംഗ്, ഫാൽക്കൺ ഏവിയേഷൻ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ആർച്ചർ കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി. എയർക്രാഫ്‌റ്റിലേക്കായി പൈലറ്റുമാരെ നിയമിക്കുന്നതിനും പരിശീലനം നൽകുന്നതിനുമാണ് ഇത്തിഹാദ് ഏവിയേഷൻ ട്രെയിനിംഗുമായി ചേർന്ന് ആർച്ചർ പ്രവർത്തിക്കുന്നത്. ഫാൽക്കൺ ഏവിയേഷനുമായി ചേർന്ന് ദുബായിലും അബുദാബിയിലും വെർട്ടിപോർട്ട് ശൃംഖല സ്ഥാപിക്കുകയാണ് മറ്റൊരു ലക്ഷ്യം.
ആർച്ചർ മിഡ്‌നൈറ്റ് എന്ന് പേര് നൽകിയിരിക്കുന്ന എയർ ടാക്‌സികൾ നാല് പേർക്കിരിക്കാവുന്ന ചെറുവിമാനങ്ങളാണ്. 60 മുതൽ 90 മിനിട്ട് വരെയുള്ള യാത്രാദൈർഘ്യം പത്ത് മുതൽ 30 മിനിട്ടുവരെയായി കുറയ്ക്കുന്നു. എയർ ടാക്‌സികൾ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യ നഗരങ്ങളാണ് അബുദാബിയും ദുബായിയും. എയർ ടാക്‌സിയുടെ വിലയിരുത്തലിനും പരിശോധനയ്ക്കുമായി ആദ്യ ഉത്‌പന്നം കമ്പനി യുഎസ് വ്യോമസേനയ്ക്ക് കൈമാറിയിരുന്നു. സെപ്‌തംബറോടെ 400ലധികം ടെസ്റ്റ് ഫ്ളൈറ്റുകളും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |