നെല്ലിയാമ്പതി: കനത്തമഴയിൽ പാലം തകർന്നതോടെ മലയോര മേഖലയായ കെ.എഫ്.ഡി.സി പകുതിപ്പാലം പ്രദേശം ഒറ്റപ്പെട്ടു. നെല്ലിയാമ്പതിയിലെ കൈകാട്ടിയിൽ നിന്നും 16 കിലോ മീറ്റർ അകലെയാണ് കെ.എഫ്.ഡി.സി പകുതിപ്പാലം എസ്റ്റേറ്റ്. 2018ൽ പാലം ഭാഗികമായി ഇടിഞ്ഞതിനെ തുടർന്ന് തോട്ടം തൊഴിലാളികൾ പാലത്തിന് സമീപം പുഴയുടെ കുറുകെ കല്ലും മണൽചാക്കും കൊണ്ട് താൽകാലിക റോഡ് നിർമിച്ചാണ് ഗതാഗതയോഗ്യമാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച പെയ്ത കനത്തമഴയിൽ പുഴയുടെ കുറുകെ നിർമ്മിച്ചിരുന്ന താൽകാലിക റോഡ് പൂർണമായും ഒലിച്ച് പോയി. ഭാഗികമായി തകർന്നിരുന്ന പാലം പൂർണമായും തകർന്നു. ഇതോടെ ഇതുവഴിയുള്ള യാത്ര നിലച്ചിരിക്കുകയാണ്. വണ്ണാതിപ്പാലത്ത് മരം കടപുഴകി വീണതിനെ തുടർന്ന് വൈദ്യുതി ബന്ധവും നിലച്ചു. ഇതോടെ പകുതിപ്പാലം നിവാസികൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
എട്ട് കുടുംബങ്ങളിലായി 18 പേർ പകുതിപ്പാലം പ്രദേശത്തുണ്ട്. കഴിഞ്ഞ ദിവസം നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജെ.ആരോഗ്യം ജോയ്സണും സംഘവും ചേർന്ന് പുഴ കടന്നെത്തി മുഴുവൻ തോട്ടം തൊഴിലാളികൾക്കും എലിപ്പനിക്കെതിരെയുള്ള മുൻകരുതലിന്റെ ഭാഗമായി മരുന്ന് വിതരണം നൽകിയിരുന്നു.