കാൻപുർ: നീറ്റ് പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിയെ മാസങ്ങളോളം ലെെംഗിക പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കോച്ചിംഗ് സെന്റർ അദ്ധ്യാപകർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കോച്ചിംഗ് സെന്ററിലെ പ്രമുഖ അദ്ധ്യാപകരായ സാഹിൽ സിദ്ദിഖി (32), വികാസ് പോർവൽ(39) എന്നിവരാണ് അറസ്റ്റിലായത്.
ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. നീറ്റ് പരീക്ഷാ പരിശീലനത്തിനായി 2022ലാണ് കുട്ടി കാൻപുരിലെത്തിയത്. പെൺകുട്ടിയുടെ ബയോളജി അദ്ധ്യാപകനായിരുന്ന സാഹിൽ എല്ലാ വിദ്യാർത്ഥികൾക്കുമായി പാർട്ടി സംഘടിപ്പിക്കുന്നുവെന്ന് പറഞ്ഞ് കുട്ടിയെ തന്റെ ഫ്ലാറ്രിലേക്ക് ക്ഷണിച്ചു. ക്ഷണമനുസരിച്ച് ഫ്ലാറ്റിലെത്തിയപ്പോഴാണ് അവിടെ മറ്റാരുമില്ലെന്ന് കുട്ടിക്ക് മനസിലായത്.
പെൺകുട്ടിക്ക് പാനീയം നൽകുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നും നിരന്തരം ഭീഷണിപ്പെടുത്തിയ അദ്ധ്യാപകൻ മാസങ്ങളോളം പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി. ചില സമയത്ത് സ്വന്തം ഫ്ളാറ്റിൽ പെൺകുട്ടിയെ ബന്ദിയാക്കുകയും ചെയ്തു. അവിടെ നടക്കുന്ന പാർട്ടികളിൽ പങ്കെടുപ്പിച്ചു. ഒരു പാർട്ടിക്കിടെ കെമിസ്ട്രി അദ്ധ്യാപകനായ വികാസ് പോർവലും കുട്ടിയെ പീഡനത്തിനിരയാക്കി. അന്ന് കുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല.
മാസങ്ങൾക്കു മുമ്പ് മറ്റൊരു വിദ്യാർത്ഥിക്കുനേരെ സാഹിൽ നടത്തിയ ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടതിനുപിന്നാലെ അദ്ധ്യാപകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഇക്കാര്യം അറിഞ്ഞതോടെയാണ് പെൺകുട്ടിയും പരാതി നൽകാനുള്ള ധെെര്യം കാട്ടിയത്. വെള്ളിയാഴ്ച വികാസിനെയും ജാമ്യത്തിൽ ഇറങ്ങിയ സാഹിലിനെയും അറസ്റ്റ് ചെയ്തതായി കാൻപുർ പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |