കാക്കനാട്: മദ്ധ്യവയസ്കയുടെ മുഖത്ത് മുളക് കലർത്തിയ വെള്ളം ഒഴിച്ച് മാലപൊട്ടിക്കാൻ ശ്രമിച്ചു. ഇന്നലെ വൈകിട്ട് ഏഴരയോടെ ജനത്തിരക്കുള്ള പാലച്ചുവട് ജംഗ്ഷനിലാണ് സംഭവം. പടമുകൾ പാലച്ചുവട് ജംഗ്‌ഷനിൽ അകമ്പടി ലേഡീസ് സ്റ്റോഴ്സ് ഉടമ ബിജിയുടെ (51) മുഖത്താണ് അന്യസംസ്ഥാന യുവാവ് മുളകുവെള്ളം ഒഴിച്ചത്. കടയിൽ കയറിയാണ് അതിക്രമം നടത്തിയത്.
വനിതകൾക്ക് മാത്രമുള്ള വസ്ത്രങ്ങൾ വിൽക്കുന്ന കടയുടെ മുൻവശത്ത് തൂക്കിയിട്ടിരുന്ന ടീ ഷർട്ട് നോക്കിയിട്ട് അതേപൊലുള്ള മറ്റൊരു ടീഷർട്ട് ചോദിച്ചാണ് കടയിൽ കയറിയത്. ഹോട്ടലുകളിൽ ഭക്ഷണം പഴ്സൽ നൽകുന്ന പ്ലാസ്റ്റിക് ടിന്നിലാണ് മുളക് വെള്ളം കരുതിയിരുന്നത്. കയ്യിൽ കരുതിയിരുന്ന മുളക് വെള്ളം മുഖത്തേയ്ക് പെട്ടെന്ന് ഒഴിച്ച് ബിജിയുടെ കഴുത്തിൽ ധരിച്ചിരുന്ന മാല പൊട്ടിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. പരിസരം വീക്ഷിച്ച ശേഷം വീണ്ടും മുളകുവെള്ളം ഒഴിച്ച് കഴുത്തിലെ മാലയിൽ പിടിത്തമിട്ടെങ്കിലും പൊട്ടിക്കാനായില്ല. ഉടൻ ഇയാൾ ഇറങ്ങിയോടി രക്ഷപ്പെട്ടു. മുഖത്തും കണ്ണിലും മുളകുവെള്ളം വീണപ്പോൾ തന്നെ ബിജി ഭയന്നുപോയതിനാൽ ശബ്ദം ഉണ്ടാക്കാൻ പോലും കഴിഞ്ഞില്ലെന്ന് ഭർത്താവ് ഹരി പറഞ്ഞു. ജംഗ്ഷനടുത്താണ് ബിജിയുടെ വീട്. ചെറിയ കട ആയതിനാൽ സി.സി ടിവി ക്യാമറയില്ലായിരുന്നു. ജംഗ്ഷനിലെ സി.സി ടിവിയിൽ ഇയാളുടെ മുഖം വ്യക്തമല്ല. എല്ലായിടത്തും പൊലീസ് നിരീക്ഷണം ശക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |