തിരുവനന്തപുരം: കേരള പൊലീസ് കോൺസ്റ്റബിൾ നിയമനത്തിന് വേണ്ടി പി.എസ്.സി നടത്തിയ പരീക്ഷയിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായവർക്ക് ഒരേ കോഡിലുള്ള ചോദ്യപേപ്പർ ലഭിച്ചതിൽ ദുരൂഹത വർദ്ധിക്കുന്നു. സംഭവത്തിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കൾ വിവിധ സെന്ററുകളിലാണ് പരീക്ഷ എഴുതിയതെങ്കിലും മൂന്ന് പേർക്കും സി കോഡിലുള്ള ചോദ്യപേപ്പറാണ് ലഭിച്ചത്. സാധാരണ ഗതിയിൽ പി.എസ്. സി പരീക്ഷയ്ക്ക് നാലു തരം കോഡുകളിലുള്ള ചോദ്യപേപ്പറാണ് കിട്ടുക. ഒരു ഹാളിലുള്ള 20 ഉദ്യോഗാർത്ഥികൾക്ക് വ്യത്യസ്ത കോഡുകളാണ് ലഭിക്കുക. പലയിടത്തും പരീക്ഷയെഴുതിയിട്ടും ഒരേ കോഡ് തന്നെ ലഭിച്ചതാണ് സംശയത്തിന് ഇടയാക്കിയത്. ഇക്കാര്യം പി.എസ്,.സി അന്വേഷിക്കുമെന്നാണ് വിവരം.
അതേസമയം, യൂണിവേഴ്സിറ്രി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതിയും കോളേജിലെ എസ്. എഫ്.ഐ യൂണിറ്ര് സെക്രട്ടറിയുമായിരുന്ന നസിം പി.എസ്.സിയെ പറ്റിച്ചെന്ന വിവരവും പുറത്തുവന്നു. പി.എസ്.സി പരീക്ഷയ്ക്ക് രണ്ട് പ്രൊഫൈലുകളിൽ നിന്ന് നസീം അപേക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. രണ്ടു പ്രൊഫൈലുകളിലും രണ്ട് ജനന തീയതികളാണ് നൽകിയത്. സാധാരണ ഇരട്ട പ്രൊഫൈൽ ഉള്ളവരെ ഡീ ബാർ ചെയ്യണമെന്നാണ് പി.എസ്.സി ചട്ടം. എന്നാൽ ഇരട്ട പ്രൊഫൈൽ ഉള്ള നസീമിന്റെ സർട്ടിഫിക്കറ്റ് പരിശോധനയടക്കം പൂർത്തിയാക്കി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടും ഇക്കാര്യത്തിൽ പി.എസ്.സി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
നേരത്തെ, ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും പരീക്ഷ പേപ്പറിലെ തെറ്റുകളിലെ സാമ്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. പരീക്ഷ നടന്ന 2018 ജൂലൈ 22ന് ഉച്ചയ്ക്ക് 2നും 3.15നും ഇടയിൽ നിരവധി സന്ദേശങ്ങളാണ് ഇവരുടെ ഫോണിലേക്ക് വന്നത്. ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു ഫോണുകളിൽ നിന്നായി 96 മെസേജുകളാണ് വന്നത്. ഇതിൽ ആറെണ്ണം 2.08നും 2.15നും ഇടയിലായിരുന്നു. 2.15നും 3.15നും ഇടയിൽ 81 സന്ദേശങ്ങളെത്തി. 9 സന്ദേശങ്ങളുടെ സമയം പൊലീസ് റിപ്പോർട്ടിലില്ല. 17ആം പ്രതിയും റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനക്കാരനുമായ പ്രണവിന്റെ ഫോണിലേക്ക് പരീക്ഷാ സമയത്ത് 78 സന്ദേശങ്ങളെത്തി. എന്നാൽ 28ആം റാങ്കുകാരനുമായ നസീമിന്റെ പി.എസ്.സിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ടു ഫോണിലേക്കും സന്ദേശങ്ങളെത്തിയിട്ടില്ല. പരീക്ഷ എഴുതിയതിന് ശേഷം പ്രണവിന്റെ ഫോണിലേക്ക് ഒരു കോൾ വന്നെന്നും കണ്ടെത്തിയിച്ചുണ്ട്. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത് ആറ്രിങ്ങലിനടുത്ത ആലങ്കോട് വഞ്ചിയൂർ ഗവ.യുപി.സ്കൂളിലും പ്രണവ് മാമത്തെ ഗ്ലോബൽ പബ്ലിക് സ്കൂളിലും നസീം തൈയ്ക്കാട് ഗവ. ട്രെയിനിംഗ് കോളജിലുമാണ് പരീക്ഷ എഴുതിയത്. ലിസ്റ്റിൽ ആദ്യ നൂറ് റാങ്കുകളിൽ പെട്ടവരെക്കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. ഇവരുടെ കോൾ വിവരങ്ങൾ സൈബർ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.