തിരൂർ: കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ കാണാതായിരുന്ന തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പി.ബി.ചാലിബിനെ പോക്‌സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 10.30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടത്താണി പൂവഞ്ചിന സ്വദേശി പാലക്കൽ മുഹമ്മദ് അജ്മൽ (34), രണ്ടത്താണി സ്വദേശി തയ്യിൽ മുഹമ്മദ് ഫൈസൽ (43) എന്നിവരാണ് പിടിയിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്. തഹസിൽദാറെ നിരന്തരം ഭീഷണിപ്പെടുത്തി മൂന്ന് തവണകളായാണ് പണം കൈക്കലാക്കിയത്. അതിനുശേഷവും പ്രൈവറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ നിന്നെന്ന പേരിൽ വീണ്ടും വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തി മാനസിക സമ്മർദ്ദത്തിലാക്കി. തുടർന്നാണ് ഈ മാസം ആറിന് തഹസിൽദാർ തിരൂരിൽ നിന്ന് മംഗലാപുരത്തേക്ക് വീട്ടുകാരോട് പറയാതെ പോയത്. രാത്രി ഏറെ വൈകിട്ടും കാണാത്തതിനെ തുടർന്ന് കുടുംബം തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയ തഹസിൽദാർ പൊലീസിന് മൊഴി നൽകിയ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ മുമ്പ് അടിപിടി കേസുകളിൽ ഉൾപ്പെട്ടവരാണ്. തഹസിൽദാറെ ഭീഷണിപ്പെടുത്താനുണ്ടായ സാഹചര്യം വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. തിരൂർ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |