കൊച്ചി: ന്യൂനപക്ഷ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ വിമർശിച്ചതുകൊണ്ട് വഖഫ് പ്രശ്നത്തിലെ മുനമ്പം ഭൂമി സംരക്ഷണ സമരത്തിന് ളോഹ ഉൗരി ഖദർ ഷർട്ടോ ചുവപ്പു വസ്ത്രമോ ധരിച്ച് വരാനാകില്ലെന്ന് സിറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. മുനമ്പം വേളാങ്കണ്ണി മാതാ പള്ളിയിലെ സമരപ്പന്തൽ സന്ദർശിച്ചശേഷം മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം,
മന്ത്രിയുടെ വിമർശനം കേട്ട് വസ്ത്രം ഉൗരി മാറ്റാൻ കഴിയില്ല. മുനമ്പത്തേത് മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങളുടെ പേരിലുള്ള സമരമാണ്. മന്ത്രി പറഞ്ഞതുകൊണ്ട്, തങ്ങൾ മുറുകെപ്പിടിക്കുന്ന ആശയങ്ങളും ഇവിടത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലുള്ള പ്രതികരണങ്ങളും ഉപേക്ഷിക്കാൻ തയ്യാറല്ല. കഷ്ടതയനുഭവിക്കുന്ന മുനമ്പത്തെ ജനത്തിനൊപ്പം സഭ നിൽക്കുന്നില്ലെങ്കിൽ തങ്ങൾ ഒറ്റുകാരാകും. എത്ര നീണ്ടാലും സമരത്തിൽ നിന്ന് ദുരിതം അനുഭവിക്കുന്നവർ പിന്മാറില്ല. മനുഷ്യത്വപരമായും ശാശ്വതമായും ജനാധിപത്യമൂല്യങ്ങൾക്ക് അനുസൃതമായും ഇത് പരിഹരിക്കാനാകുമെന്ന് എല്ലാവർക്കുമറിയാം. കേന്ദ്രസർക്കാരും വിശാലമായി ചിന്തിക്കണം. സംസ്ഥാനസർക്കാരും ജനങ്ങളോടൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |