ആലപ്പുഴ : സംസ്ഥാനത്തെ ജലഗതാഗത വകുപ്പിന്റെ അമ്പത് ശതമാനം ബോട്ടുകൾ സോളാറിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ജില്ലയ്ക്കുള്ള ആദ്യ ബോട്ട് നിർമ്മാണം പൂർത്തിയായി, ട്രയൽ റൺ കാത്തിരിക്കുന്നു. ബോട്ടിന് വേണ്ടി ഇറക്കുമതി ചെയ്ത ഫ്രാൻസ് നിർമ്മിത ബാറ്ററിയുടെ കമ്പനിയാണ് ട്രയൽ റൺ നടത്തേണ്ടത്. ഈ മാസം തന്നെ പരീക്ഷണ ഓട്ടം നടത്തിയാൽ വൈകാതെ മുഹമ്മ - മണിയാപറമ്പ് റൂട്ടിലേക്ക് സോളാർ ഇലക്ട്രിക് ബോട്ടെത്തും. 30 സീറ്റുകളുള്ള, പ്രതിദിനം 12 മണിക്കൂറോളം സർവ്വീസ് നടത്താൻ ശേഷിയുള്ളതാണ് ബോട്ട്. ബോട്ട് സർവീസ് വിജയിച്ചാൽ ഓരോ മാസവും മൂന്ന് സോളാർ ഇലക്ട്രിക് ബോട്ട് കൂടി സംസ്ഥാനത്ത് നീറ്റിലിറക്കും. ഇവയുടെ നിർമ്മാണം പാണാവള്ളി സെഞ്ച്വറി യാർഡിൽ പുരോഗമിക്കുകയാണ്. കുസാറ്റാണ് നിർമ്മാണ സാങ്കേതിക സഹായം വഹിക്കുന്നത്. സുരക്ഷിതവും ശബ്ദഹരഹിതവുമായിരിക്കും ഈ ബോട്ടുകളെന്നാണ് ജലഗതാഗത വകുപ്പ് അവകാശപ്പെടുന്നത്. 2023 ജൂലൈയിൽ ഓടിത്തുടങ്ങുമെന്ന് കരുതിയിരുന്ന ബോട്ട്, നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് കാരണം പണി പൂർത്തിയാകാൻ വൈകുകയായിരുന്നു.
സാമ്പത്തിക ലാഭം
1.ഡീസൽ ബോട്ടിന് പ്രതിദിനം 12000 രൂപയോളം ചെലവാകുന്ന സ്ഥാനത്ത് സോളാർ ബോട്ടുകൾ 500 രൂപയിൽ താഴെ ചെലവിൽ ഓടിക്കാനാകുമെന്നതാണ് നേട്ടം. മഴക്കാലത്ത് സൂര്യപ്രകാശം ലഭിക്കാൻ ബുദ്ധിമുട്ടുമ്പോൾ ഉപയോഗിക്കാൻ 80 കിലോവാട്ട് ശേഷിയുള്ള രണ്ട് ബാറ്ററികളും 30 സീറ്റിന്റെ ബോട്ടിലുണ്ടാവും. 75 സീറ്റിലേക്കെത്തുമ്പോൾ ബാറ്ററി ശേഷി 160 കിലോവാട്ടായി വർദ്ധിക്കും
2.ഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക്കിലാണ് ബോട്ടിന്റെ ബോഡി. കളമശ്ശേരി നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട് പ്രൈവറ്റ് ലിമിറ്റഡാണ് രൂപകൽപ്പന നിർവഹിക്കുന്നത്. ബോട്ട് സർവീസുകളും മറ്റ് ഗതാഗത മാർഗങ്ങളും കുറവുള്ള റൂട്ടുകളിലാവും ആദ്യം സോളാർ ബോട്ടുകളിറക്കുക
3.ആലപ്പുഴ ജില്ലയിലെ മുഹമ്മ - മണിയാപറമ്പ് റൂട്ടിന് പുറമേ, എറണാകുളം - വരാപ്പുഴ, കൊല്ലം - പ്ലാവറക്കടവ്, പടന്ന - കൊറ്റി തുടങ്ങിയ റൂട്ടുകളിലേക്കും 30 സീറ്റുള്ള സോളാർ ബോട്ടുകൾ ഓടിയെത്തും. നൂറ് പേർക്ക് കയറാവുന്ന പുതിയ കാറ്റമറൈൻ ബോട്ട് എറണാകുളത്ത് സർവീസ് ഓടിത്തുടങ്ങി.
4. 75 പേർക്ക് കയറാവുന്ന സോളാർ ബോട്ടുകളും തയാറായി വരുന്നു. ഇവ ഏത് ജില്ലയ്ക്ക് നൽകണമെന്ന് തീരുമാനിച്ചിട്ടില്ല.കൂടാതെ വിനോദസഞ്ചാരത്തിനും രക്ഷാപ്രവർത്തനത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന പത്ത് പേർക്ക് കയറാവുന്ന അഞ്ച് ഡിങ്കി ബോട്ടുകളും തയ്യാറാകുന്നുണ്ട്
സോളാർ ബോട്ട്
ചെലവ് : 2.5 കോടി
നീളം : 14 മീറ്റർ
വീതി: 4.6 മീറ്റർ
വേഗത : 6 നോട്ടിക്കൽ മൈൽ
ട്രയൽ റൺ പൂർത്തിയാക്കിയാലുടൻ മുഹമ്മ - മാണിയാപറമ്പ് റൂട്ടിലേക്കുള്ള സോളാർ - ഇലക്ട്രിക്ക് ബോട്ടെത്തും. പിന്നാലെ ഓരോ മാസമായി കൂടുതൽ സോളാർ ബോട്ടുകൾ സർവീസ് ആരംഭിക്കും.
ഷാജി വി.നായർ, ജലഗതാഗത വകുപ്പ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |