ന്യൂയോർക്ക്: ഹൊറർ കഥാപാത്രങ്ങളുടെ ഗോഡ്ഫാദറായ ഡ്രാക്കുളയുടെ അടുത്ത ആളായാണ് വവ്വാലുകളെ കഥകളിലും സിനിമകളിലുമൊക്കെ ചിത്രീകരിച്ചിട്ടുള്ളത്. പൊതുവേ, സാധുക്കൾ ആണെങ്കിലും ചിലി, ഉറുഗ്വായ്, അർജന്റീന, അമേരിക്ക, ബ്രസീൽ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ കാണപ്പെടുന്ന വാമ്പയർ വവ്വാലുകൾ ഒരു ഭീകരനാണ്. ഡ്രാക്കുളയെ പോലെതന്നെ രക്തമാണ് ഇവർക്ക് ഏറ്റവും ഇഷ്ടം. മനുഷ്യനടക്കമുള്ള സസ്‌തനികളുടെ രക്തം ഊറ്റിക്കുടിച്ചാണ് ഇക്കൂട്ടർ ജീവിക്കുന്നത്. ഉമിനീരിൽ കാണപ്പെടുന്ന ഒരു പ്രത്യേക പ്രോട്ടീൻ സ്‌മൂത്തായി രക്തം കുടിക്കാൻ വാമ്പയർ വവ്വാലുകളെ സഹായിക്കുന്ന ഒരു ഘടകമാണ്. ഗവേഷകർ ഈ പ്രോട്ടീന് നൽകിയിരിക്കുന്ന പേരാണ് 'ഡ്രാക്കുലിൻ'. പക്ഷേ, ഡ്രാക്കുളയെപോലെ അത്ര ഭീകരനല്ല 'ഡ്രാക്കുലിൻ'. വൈദ്യശാസ്ത്ര രംഗത്ത് വാമ്പയർ വവ്വാലുകളുടെ ഉമിനീരിൽ അടങ്ങിയ ഗ്ലിസറോ പ്രോട്ടീനായ ഡ്രാക്കുലിനെ പറ്റിയുള്ള പഠനങ്ങൾ നടക്കുകയാണ്. രക്തം കട്ടപിടിക്കുന്നതിനെതിരെ ഡ്രാക്കുലിൻ പ്രവർത്തിക്കുന്നു. വവ്വാൽ, രക്തം കുടിക്കുമ്പോൾ കടിയേറ്റയാളുടെ രക്തം കട്ടപിടിക്കുന്നതിൽ നിന്നും ഡ്രാക്കുലിൻ തടയുന്നു. അതിനാൽ, ഹൃദയാഘാതത്തിനും സ്ട്രോക്കിനും ഡ്രാക്കുലിനെ ഉപയോഗപ്പെടുത്താമെന്ന് ഗവേഷകർ പറയുന്നു. ഇത്തരം രോഗികളിൽ രക്തം കട്ട പിടിക്കാതിരിക്കാൻ ഡ്രാക്കുലിൻ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന പരീക്ഷണങ്ങളിലാണ് ശാസ്ത്രലോകം. വാമ്പയർ ബാറ്റുകളിലെ ചൂട് സെൻസിറ്റീവ് കോശങ്ങളും ഇൻഫ്രാറെഡ് റിസെപ്‌റ്ററുകളുമാണ് രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്നത്. ഇത് എങ്ങനെയെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |