ന്യൂയോർക്ക് : രാവുകൾ നക്ഷത്ര വിളക്കുകളാൽ മിന്നിത്തിളങ്ങുന്ന ക്രിസ്മസ് കാലത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ലോകത്തിന്റെ പല ഭാഗത്തും തുടങ്ങിയിട്ടുണ്ട്. മനോഹരമായ ദീപാലങ്കാരങ്ങളും മഞ്ഞിൽ പുതഞ്ഞ പുൽക്കൂടുകളും മിഴി തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം. ഈ മാസം അവസാനത്തോടെ പല യൂറോപ്യൻ രാജ്യങ്ങളിലും ക്രിസ്മസ് സീസൺ തുടങ്ങും.
യു.എസിൽ ക്രിസ്മസ് സീസണിന്റെ ആരംഭം ന്യൂയോർക്ക് സിറ്റിയിലെ റോക്ക്ഫെല്ലർ സെന്റർ ക്രിസ്മസ് ട്രീ തിരിതെളിയുന്നതോടെയാണ്. മസാച്യുസെറ്റ്സിൽ നിന്ന് എത്തിച്ച ഇത്തവണത്തെ ക്രിസ്മസ് ട്രീ ഇന്നലെ മിഡിൽടൗൺ മാൻഹട്ടണിലെ റോക്ക് ഫെല്ലർ സെന്ററിൽ സ്ഥാപിച്ചതോടെ ന്യൂയോർക്ക് സിറ്റിയിൽ ക്രിസ്മസ് ലഹരി ഉണർന്നു.
74 അടിയുള്ള നോർവീജിയൻ പൈൻ ക്രെയിൻ ഉപയോഗിച്ചാണ് സ്ഥാപിച്ചത്. 43 അടി വീതിയുള്ള ട്രീയെ ഇനി വിവിധ നിറത്തിലെ 50,000 എൽ.ഇ.ഡി ലൈറ്റുകളും സ്വറോവ്‌സ്കി ക്രിസ്റ്റൽ സ്റ്റാറുകളും കൊണ്ട് അലങ്കരിക്കും. 30 ലക്ഷം ക്രിസ്റ്റലുകൾ ചേർത്ത് നിർമ്മിക്കുന്ന സ്വറോവ്‌സ്കി സ്റ്റാറാണ് ട്രീയുടെ ഏറ്റവും മുകളിൽ വയ്ക്കുക.
ഡിസംബർ നാലിനാണ് ക്രിസ്മസ് ട്രീകളുടെ കൂട്ടത്തിലെ രാജാവായ റോക്ക്ഫെല്ലർ സെന്റർ ക്രിസ്മസ് ട്രീയിൽ ലൈറ്റ് തെളിയിക്കുന്ന ചടങ്ങ് നടക്കുക. ജനുവരി പകുതി വരെ റോക്ക്ഫെല്ലർ ക്രിസ്മസ് ട്രീയിൽ ദീപാലങ്കാരങ്ങൾ കാണാം. ആയിരക്കണക്കിന് സഞ്ചാരികളാണ് ഇക്കാലയളവിൽ ന്യൂയോർക്ക് സിറ്റിയിലേക്ക് ഒഴുകിയെത്തുന്നത്.
പ്രതിവർഷം ഏകദേശം 125 മില്യൺ ജനങ്ങൾ ഇവിടം കാണാനെത്തുന്നുണ്ടെന്നാണ് കണക്ക്. 1933 മുതൽ റോക്ക്ഫെല്ലർ സെന്റർ ക്രിസ്മസ് ട്രീ അമേരിക്കൻ സംസ്കാരത്തിന്റെ ഭാഗമാണ്. സാധാരണയായി 69 മുതൽ 100 അടി വരെ ഉയരം ഈ ക്രിസ്മസ് ട്രീകൾക്കുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |