ന്യൂയോർക്ക്: യു.എസിലെ സൗത്ത് കാരലൈനയിൽ ഗവേഷണ കേന്ദ്രത്തിൽ നിന്ന് പുറത്തുചാടിയ കുരങ്ങുകളെ തേടി അധികൃതർ. വ്യാഴാഴ്ചയാണ് യമസിയിലെ ആൽഫ ജെനസിസ് ബയോമെഡിക്കൽ റിസേർച്ച് സെന്ററിൽ നിന്ന് 43 കുരങ്ങുകൾ പുറത്തുചാടിയത്. ഇതിൽ ഒരു കുരങ്ങിനെ ഇന്നലെ കൂട്ടിലാക്കി. കുരങ്ങുകളെ കണ്ടാൽ വിവരമറിയിക്കണമെന്നും അവ ഉള്ളിലേക്ക് കയറാതിരിക്കാൻ വീടുകളുടെ ജനലും വാതിലുകളും അടച്ചിടണമെന്നും പൊലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി. ഏകദേശം 2,000 പേരാണ് യമസി പട്ടണത്തിലുള്ളത്. ഭക്ഷണ പദാർത്ഥങ്ങളുപയോഗിച്ച് കുരങ്ങുകളെ കെണിയിലാക്കാനുള്ള ശ്രമം തുടരുകയാണ്. നിരീക്ഷണ ക്യാമറകളും മറ്റും സ്ഥാപിച്ചു. കുരങ്ങുകൾ എങ്ങനെ പുറത്തുചാടിയെന്ന് വ്യക്തമല്ല. ജീവനക്കാരിൽ ഒരാൾ കൂടിന്റെ വാതിൽ ശരിയായി പൂട്ടിയില്ലെന്നാണ് സൂചന. ഏതായാലും കുട്ടിക്കുരങ്ങുകളായതിനാൽ ഇവയെ ഇതുവരെ പരീക്ഷണങ്ങൾക്ക് ഉപയോഗിച്ചിട്ടില്ലെന്നാണ് റിസേർച്ച് സെന്റർ അറിയിച്ചിട്ടുള്ളത്. കുരങ്ങുകൾ ജനവാസ മേഖലയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതായുള്ള റിപ്പോർട്ടുകൾ ഇതേവരെയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |