ദോഹ: ഗാസയിലെ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനും നടത്തിവന്ന മദ്ധ്യസ്ഥ ശ്രമങ്ങൾ ഖത്തർ നിറുത്തിവച്ചെന്ന് റിപ്പോർട്ട്. ഖത്തർ ഇക്കാര്യം ഇസ്രയേലിനെയും ഹമാസിനെയും യു.എസിനെയും അറിയിച്ചെന്നാണ് വിവരം. ഗാസ വിഷയം ഗൗരവമായി ചർച്ച ചെയ്യാൻ ഹമാസും ഇസ്രയേലും തയ്യാറാകാത്തതാണ് ഖത്തറിന്റെ അതൃപ്തിക്ക് കാരണം. ഇരുകൂട്ടരും ആത്മാർത്ഥമായി ചർച്ചയ്ക്ക് തയ്യാറായാൽ മാത്രമേ തീരുമാനം പിൻവലിക്കൂ എന്നാണ് ഖത്തറിന്റെ നിലപാട്.
ഇതിനിടെ, ഹമാസ് നേതാക്കളോട് രാജ്യം വിടാനും ഖത്തർ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. ഒക്ടോബറിൽ അവതരിപ്പിച്ച പുതിയ വെടിനിറുത്തൽ കരാറും ഹമാസ് തള്ളിയിരുന്നു. പിന്നാലെ ഖത്തറിൽ താമസമാക്കിയ ഹമാസ് നേതാക്കളെ പുറത്താക്കാൻ യു.എസ് സമ്മർദ്ദം ചെലുത്തിയിരുന്നു. ദോഹയിലെ ഹമാസ് ഓഫീസ് ഇനി പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് ഖത്തർ ഹമാസിനെ അറിയിച്ചെന്ന് നയതന്ത്ര ഉദ്യോഗസ്ഥർ പറയുന്നു.
ഹമാസിന്റെ നിയന്ത്രണ ചുമതലയുള്ള ഖലീദ് മഷാൽ അടക്കമുള്ള ഉന്നത നേതാക്കൾ നിലവിൽ ഖത്തറിലാണ്. ഇസ്രയേലിന്റെ വധഭീഷണിയുള്ളതിനാലാണ് ഇവർ ഖത്തറിൽ തുടരുന്നത്. ഗാസയിലെ വെടിനിറുത്തലിനായി ഖത്തർ, ഈജിപ്റ്റ്, യു.എസ് എന്നിവർ മാസങ്ങളായി മദ്ധ്യസ്ഥ ശ്രമങ്ങൾ നടത്തിവരികയായിരുന്നു. ഇതുവരെ 43,550 ലേറെ പേർ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |