തിരുവനന്തപുരം: പാലക്കാട്ടെ പാതിരാ റെയ്ഡിൽ ശക്തമായ അന്വേഷണം വേണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.പാലക്കാട്ട് ഇനിയും ബോംബുകൾ പൊട്ടുമെന്നും ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പാർട്ടിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരു സ്വകാര്യ വാർത്താ ചാനലിനോട് പറഞ്ഞു.'പാലക്കാട്ട് എൽഡിഎഫ് ചരിത്രവിജയം നേടും. പിപി ദിവ്യയുടെ പേരുപറഞ്ഞ് വോട്ടുപിടിക്കാം എന്നുവിചാരിക്കേണ്ട. വിഷയത്തിൽ സിപിഎം ശക്തമായി ഇടപെട്ടിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാണോ എന്ന് പറയാനാവില്ല' അദ്ദേഹം കൂട്ടിച്ചേർത്തു.
റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസിനെ തിരുത്തി എംവി ഗോവിന്ദൻ ഇന്നലെ രംഗത്തെത്തിയിരുന്നു. പെട്ടി വിഷയം ഉൾപ്പെടെ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുമെന്നും താൻ പറഞ്ഞതാണ് പാർട്ടി നിലപാട്, അല്ലാതുള്ള മറ്റൊരു നിലപാടും പാർട്ടിയുടെ നിലപാടല്ലെന്നും അദ്ദേഹം തുറന്നടിക്കുകയായിരുന്നു.
കുഴൽപ്പണം കൊണ്ടുവന്ന വിഷയം ഉപേക്ഷിക്കില്ല. കേരളം ചർച്ച ചെയ്യുന്ന രാഷ്ട്രീയ പ്രശ്നമാണത്. യുഡിഎഫിന് ഇത് തിരിച്ചടിയാകും. എൽഡിഎഫിന് വീഴ്ച സംഭവിച്ചിട്ടില്ല. കുടുംബയോഗങ്ങളിൽ യുഡിഎഫും ബിജെപിയും വലിയ രീതിയിൽ പണം ഒഴുക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.
പാലക്കാട്ടെ പെട്ടിച്ചർച്ച നിർത്തണമെന്ന് കഴിഞ്ഞദിവസം കൃഷ്ണദാസ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയവും മനുഷ്യരുടെ ജീവിത പ്രശ്നങ്ങളുമാണ് ചർച്ച ചെയ്യണ്ടേത്. പെട്ടി ചർച്ച എൽഡിഎഫിനെ ദോഷകരമായി ബാധിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് പാതിരാ റെയ്ഡുമായി ബന്ധപ്പെട്ട് പാലക്കാട്ടെ സിപിഎമ്മിൽ അഭിപ്രായ വ്യത്യാസം എന്നതരത്തിൽ വാർത്ത പുറത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |