മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പോകുന്നതിനിടെ മന്ത്രി ഒ ആർ കേളുവും എൽഡിഎഫ് നേതാക്കളും ചങ്ങാടത്തിൽ കുടുങ്ങി. മലപ്പുറം വഴിക്കടവിൽ എത്തിയ മന്ത്രിയും നേതാക്കളുമാണ് ഇന്നലെ വെെകിട്ട് ചങ്ങാടത്തിൽ കുടുങ്ങിയത്. വഴിക്കടവിലെ പുന്നപ്പുഴ കടക്കുന്നതിനിടെയായിരുന്നു സംഭവം. മന്ത്രിയും എൽഡിഎഫ് നേതാക്കളും ചങ്ങാടത്തിൽ പോകുന്നതിനിടെ മുന്നോട്ട് നീങ്ങാനാകാതെ പുഴയിൽ ചങ്ങാടം കുടുങ്ങുകയായിരുന്നു.
സംഭവം അറിഞ്ഞ് പൊലീസും നാട്ടുകാരും തണ്ടർബോൾട്ട് സംഘവും ചേർന്ന് അരമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് മന്ത്രിയെയും സംഘത്തെയും കരയ്‌ക്കെത്തിച്ചത്. വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസിക്കോളനിയിലേക്ക് പോകുകയായിരുന്നു മന്ത്രി. 2018വരെ ആദിവാസി കോളനിയിലേക്ക് പോകാൻ ഇരുമ്പിൽ നിർമ്മിച്ച പാലമുണ്ടായിരുന്നു. 2018ലെ പ്രളയത്തിലാണ് ആ പാലം തകർന്നത്.
ഇതോടെ പുഞ്ചക്കൊല്ലി ആദിവാസി നഗറിലെ കുടുംബങ്ങൾ പുഴ കടക്കാൻ ഉപയോഗിക്കുന്നത് മുള കൊണ്ട് നിർമ്മിച്ച ചങ്ങാടമാണ്. ഈ ചങ്ങാടത്തിൽ വരുന്നതിനിടെയാണ് മന്ത്രി കുടുങ്ങിയത്. ഇവിടെ പാലം നിർമ്മിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യം ഉന്നയിച്ചുവരികയായിരുന്നു. ആശുപത്രിയിൽ അടക്കം പോകാൻ മറുകരയിലെത്താൻ ചങ്ങാടമാണ് അവർ ആശ്രയിക്കുന്നത്. ഇതിനിടെയാണ് മന്ത്രി തന്നെ ഇപ്പോൾ പുഴയിൽ കുടുങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |