തിരുവനന്തപുരം: വിതുര- പൊന്മുടി സംസ്ഥാന ഹൈവേയിലെ സ്വരാജ് ഗേറ്റ് പരിസരത്തായി യക്ഷിയെ കണ്ടെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളിൽ അന്വേഷണം. വിതുര പൊലീസാണ് അന്വേഷണം നടത്തുന്നത്. യക്ഷിക്കഥയുടെ മറവിൽ നിരോധിത ലഹരി വസ്‌തുക്കളുടെ വിൽപ്പന നടത്തുന്നതിനായാണ് പ്രചാരണം നടത്തുന്നതെന്ന് പൊലീസ് പറയുന്നു.
ഭീതി പരത്തുന്ന തരത്തിലെ വേഷം ധരിച്ച സ്ത്രീയുടെ ചിത്രമാണ് യക്ഷിയെന്ന പേരിൽ പ്രചരിക്കുന്നത്. ഇതിനൊപ്പം ഒരു ശബ്ദരേഖയും പ്രചരിക്കുന്നുണ്ട്. സ്വരാജ് ഗേറ്റിൽ നിന്ന് ചാരുപാറ വഴി ചായത്തേക്ക് പോകുന്നതിനിടെ യക്ഷിയെ കണ്ടെന്നും ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും അതിനാൽ അതുവഴി പോകുന്നവർ ശ്രദ്ധിക്കണമെന്നുമാണ് ശബ്ദരേഖയിൽ പറയുന്നത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ചിത്രം ബീഹാറിലെ ഒരു ഗ്രാമത്തെക്കുറിച്ചുള്ളതാണെന്ന് കണ്ടെത്തി. എന്നാൽ ശബ്ദരേഖയുടെ ഉടമയെ കണ്ടെത്താനായിട്ടില്ല. പ്രദേശവാസിയുടെതാണ് ശബ്ദം എന്ന് പൊലീസ് ഉറപ്പിക്കുന്നു. ശബ്ദരേഖയ്ക്ക് പിന്നിൽ അനധികൃത ലഹരി വിൽപന സംഘമാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. രാത്രി സമയത്ത് ചിലർ സ്വരാജ് ഗേറ്റിന് സമീപം ബൈക്കിൽ വന്നതിനുശേഷം മടങ്ങുന്നതായി കണ്ടതായി നാട്ടുകാർ പറയുന്നു. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ സ്വരാജ് ഗേറ്റും ഇതിനോട് ചേർന്നുള്ള കഫറ്റീരിയയും ശുചിമുറിയും വിശ്രമകേന്ദ്രവുമെല്ലാം അടഞ്ഞ് കിടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |