മലയാള സിനിമ താരസംഘടനയായ അമ്മയുമായി പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ നുണയായി പോകുമെന്ന് വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ. ആരായാലും ന്യായത്തിന്റെ കൂടെയാണ് നിൽക്കേണ്ടതെന്നും താരം പറഞ്ഞു. സംഘടനയുടെ തലപ്പത്തേക്ക് പൃഥ്വിരാജും വിജയരാഘവനും വരുന്നത് നല്ലതാണെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
'കുറ്റാരോപിതർ തങ്ങളുടെ നേരെ ഉയർത്തുന്ന ആരോപണം തെറ്റാണെങ്കിൽ അത് തെളിയിക്കണം. ആർക്കും എന്തും അടിസ്ഥാനമില്ലാതെ വിളിച്ചുപറയാം. തെറ്റായ ആരോപണങ്ങൾ അവരുടെ കുടുംബത്തെ വരെ ബാധിച്ചേക്കാം. ആരായാലും ന്യായത്തിന്റെ കൂടെയാണ് നിൽക്കേണ്ടത്. കുറ്റം നടന്നിട്ടുണ്ടെങ്കിൽ ഇരയെ പിന്തുണയ്ക്കണം. കുറെ നാളുകൾക്ക് മുൻപ് ഒരു സംഭവം ഉണ്ടായി. അത് ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല.
ആരെയും മനഃപൂർവ്വമായി അമ്മയിൽ നിന്നും മാറ്റിനിർത്തിയിട്ടോ, മാറിനിന്നിട്ടോ ഇല്ല. ആശയവിനിമയവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നം ഉണ്ടായിട്ടുണ്ട്. ഇല്ലെന്ന് പറഞ്ഞാൽ അത് കള്ളമായി പോകും. അതിനൊക്കെ അപ്പുറം അമ്മയെന്ന സംഘടന ഇപ്പോഴും പ്രിയപ്പെട്ടതാണ്. അവരുടെ പ്രവൃത്തികളോടൊപ്പം ഞാൻ എന്നും കൂടെ ഉണ്ടാകും. ഈഗോയും തെറ്റിദ്ധാരണകളും മാറ്റിവച്ചുകൊണ്ട് തുറന്ന് സംസാരിച്ച് അമ്മയെ ശക്തമായി തിരിച്ചെത്തിക്കാൻ ചില വിട്ടുവീഴ്ചകളും ചർച്ചകളും പ്രവർത്തനങ്ങളുമുണ്ടാകണം. അതിൽ മുതിർന്ന ആളുകളെന്നോ പുതിയ തലമുറയെന്നോയെന്ന വ്യത്യാസമില്ലാതെ ഒരുമിച്ച് പ്രവർത്തിക്കണം. അമ്മയുടെ പ്രസിഡന്റായി പുതിയ ആളുകൾ വന്നതുകൊണ്ട് മാത്രം ശരിയാകണമെന്നില്ല. പൃഥ്വിരാജും വിജയരാഘവൻ ചേട്ടനുമൊക്കെ പ്രസിഡന്റ് സ്ഥാനത്ത് വരുന്നത് നല്ല കാര്യമാണ്’- താരം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |