ബോളിവുഡ് സിനിമ പ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് രൺവീർ സിംഗും ദീപിക പദുകോണും. സെപ്‌തംബറിലാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്. ദീപാവലി ആഘോഷത്തിനിടെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി താരങ്ങൾ രംഗത്തെത്തിയിരുന്നു. 'ദുവ പദുകോൺ സിംഗ്' എന്നാണ് കുഞ്ഞിന്റെ പേര്. ദുവ എന്നാൽ പ്രാർത്ഥന എന്നാണർത്ഥം. തങ്ങളുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരമാണ് അവളെന്നും അതിനാലാണ് അങ്ങനെ ഒരു പേര് ഇട്ടതെന്നും വെളിപ്പെടുത്തി ദീപിക ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിനൊപ്പം കുഞ്ഞിന്റെ കാലിന്റെ ചിത്രവും താരദമ്പതികൾ പങ്കുവച്ചിരുന്നു. ദുവയുടെ മറ്റ് ചിത്രങ്ങളൊന്നും ഇതുവരെ ദീപികയും രൺവീറും പുറത്തുവിട്ടിരുന്നില്ല.
ഇപ്പോഴിതാ മകളുമായി താരദമ്പതികൾ വിമാനത്താവളത്തിലേക്ക് പോകുന്ന ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. മുംബയിലെ കലിനയിലുള്ള സ്വകാര്യ വിമാനത്താവളത്തിലേക്ക് മകളുമായി കാറിൽ പോകുന്നതും അവിടെ ഇറങ്ങിയ ശേഷം ഇവർ ഉള്ളിലേക്ക് പോകുന്നതും വീഡിയോയിൽ കാണാം. മേക്കപ്പ് ഒന്നുമില്ലാതെ സാധാരണ ലുക്കിലാണ് ദീപിക എത്തിയത്. കുഞ്ഞിനെ നടി തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മുഖം ക്യാമറയിൽ പതിയാതെ ഇരിക്കാൻ താരദമ്പതികൾ ശ്രമിക്കുന്നുണ്ട്.
2018 നവംബറിൽ ഇറ്റലിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു ദീപികയും രൺവീർ സിംഗും വിവാഹിതരായത്. കഴിഞ്ഞ നവംബറിൽ ഇരുവരും അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിലാണ് സോഷ്യൽ മീഡിയയിൽ കുഞ്ഞുടുപ്പിന്റെയും ഷൂസിന്റെയും ബലൂണുകളുടെയും ചിത്രം പങ്കുവച്ച് മാതാപിതാക്കളാകാൻ ഒരുങ്ങുന്ന സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |