ദുബായ്: റോഡിലെ നിയമലംഘനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയമം കടുപ്പിക്കാൻ ഒരുങ്ങി യുഎഇ. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ പിടികൂടാൻ അത്യാധുനിക സംവിധാനങ്ങളുള്ള ക്യാമറകളാണ് വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. കാറിന്റെ ഗ്ലാസിൽ ഒട്ടിച്ച കൂളിംഗ് ഗ്ലാസുകളെ മറികടന്ന് നിയമലംഘനം പിടികൂടാൻ സാധിക്കുമെന്നതാണ് ഈ ക്യാമറകളുടെ പ്രത്യേകത. സീറ്റ് ബെൽറ്റ് ധരിക്കാത്തതും മൊബൈൽ ഫോണുകളുടെ ഉപയോഗവും പോലുള്ള വിവിധ റോഡ് സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തുന്നതിന് ക്യാമറകൾ സഹായിക്കും.
നൂതന സ്മാർട്ട് ട്രാഫിക്ക് ക്യാമറകൾ ഒട്ടേറെ നിയമലംഘനങ്ങൾ തിരിച്ചറിഞ്ഞതായി ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, പത്രം വായിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്, മുന്നറിയിപ്പ് നൽകാതെ വളയ്ക്കുക, മറ്റ് ലംഘനങ്ങൾ തുടങ്ങിയവയ്ക്ക് പിടിക്കപ്പെട്ടാൽ 30 ദിവസം വരെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് അൽ മസ്റൂയി വാഹന ഉടമകളെ ഓർമ്മിപ്പിച്ചു. 30 ദിവസം വാഹനം പിടിച്ചുവയ്ക്കുന്നത് കൂടാതെ 400 (9189 രൂപ) മുതൽ 1000 (22973 രൂപ) ദിർഹം വരെ പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി. യുഎഇയിലെ ഓരോ എമിറേറ്റിലും വാഹന അപകടങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് നിയമം കടുപ്പിച്ചിരിക്കുന്നത്.വാഹനവുമായി റോഡിലിറങ്ങുന്ന പ്രവാസികൾ അടക്കമുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |