തിരുവനന്തപുരം: കാര്യമായ വരുമാനം ലഭിക്കുന്ന ദീർഘദൂര സർവീസുകൾക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി വന്നിട്ടും അപ്പീൽ സമർപ്പിക്കുന്നതിൽ കെ.എസ്.ആർ.ടി.സിക്ക് നിസംഗത. അപ്പീൽ നൽകണമെന്ന് നിയമോപദേശം ലഭിച്ചിരുന്നു.
സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം സർവീസ് നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയ വ്യവസ്ഥയാണ് ബസുടമകളുടെ ഹർജിയിൽ ഹൈക്കോടതി ബുധനാഴ്ച റദ്ദാക്കിയത്. ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലോട്ടുള്ള സൂപ്പർക്ലാസ് ബസുകളാണ് 140 കിലോമീറ്ററിനു കൂടുതലുള്ള സർവീസുകൾക്ക് കെ.എസ്.ആർ.ടി.സി അയയ്ക്കുന്നത്. എല്ലാ സർവീസുകളും ലാഭത്തിലുമാണ്. നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ച് തുടർനടപടി എടുക്കുമെന്ന മറുപടിയാണ് ഗതാഗതമന്ത്രിയുടെ ഓഫീസിൽ നിന്നു ലഭിച്ചത്.
കേസ് നടത്തിപ്പിൽ കെ.എസ്.ആർ.ടി.സിക്കും ഗതാഗതവകുപ്പിനും വീഴ്ച സംഭവിച്ചുവെന്ന ആക്ഷേപം ശക്തമാണ്. ദേശസാത്കൃത സ്‌കീം ഇറക്കുന്നതിൽ ഗതാഗതവകുപ്പിന് സംഭവിച്ച വീഴ്ചകളാണ് കോടതി വിധി പ്രതികൂലമാക്കിയത്. നിശ്ചിത സമയത്തിനുള്ളിൽ സ്‌കീം ഇറക്കണമെന്ന വ്യവസ്ഥ ബാധകമല്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തുന്നതിൽ സർക്കാരിന് വീഴ്ചപറ്റിയെന്ന് തൊഴിലാളി സംഘടനകൾ പറയുന്നു. ഗതാഗതവകുപ്പ് മനഃപൂർവ്വം കേസ് തോറ്റുകൊടുത്തുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
കെ.എസ്.ആർ.ടി.സിയുടെ പാതകളിൽ കൂടുതൽ ബസുകൾ ഇറക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഗതാഗത മന്ത്രിയുടെ ബന്ധുകൂടിയായ സ്വകാര്യ ബസ് സംഘടനാ ഭാരവാഹിയായ ബസ് ഉടമ രംഗത്തെത്തി. 140 കിലോമീറ്റർ ദൂരത്തിൽ ഓടിയിരുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് സ്വകാര്യബസുകളെ ഓർഡിനറിയാക്കി മാറ്റിയ സർക്കാർ ഉത്തരവ് ഇല്ലാതായെന്നും പരമാവധി ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ പുറത്തിറക്കണമെന്നും വാട്സ് ആപ് സന്ദേശത്തിൽ പറയുന്നു.
ദീർഘദൂര പാതകൾ ലഭിക്കുമെന്ന അവകാശവാദം സ്വകാര്യബസുടമകൾ ഉയർത്തിയിട്ടുണ്ട്. ബിജുപ്രഭാകർ ഗതാഗത സെക്രട്ടറിയായിരിക്കേയാണ് സർക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ച് ദേശസാത്കൃത സ്‌കീം ഇറക്കി കെ.എസ്. ആർ.ടി.സിയെ സംരക്ഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |