ഒട്ടാവ : ഖലിസ്ഥാൻ ഭീകരൻ അർഷ്‌ദിപ് ദല്ല കാനഡയിൽ പിടിയിലായതായി റിപ്പോർട്ട്. കൊല്ലപ്പെട്ട ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ അടുത്ത അനുയായിയാണ് ഇയാൾ. ഒക്ടോബർ 27,28 തീയതികളിൽ മിൽട്ടൺ ടൗണിൽ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എന്നാൽ ഇത് സംബന്ധിച്ച് കനേഡിയൻ അധികൃതരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തെ പിടികൂടിയിരുന്നെങ്കിലും അറസ്റ്റ് സംബന്ധിച്ച വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. ഏറ്റുമുട്ടലിൽ ദല്ലയുടെ പങ്കാളിത്തം സുരക്ഷാ ഏജൻസികൾ നിരീക്ഷിച്ചു വരികയായിരുന്നു. അറസ്റ്റിന് പിന്നാലെ ഇയാളെ വിട്ടയച്ചോ കസ്റ്റഡിയിൽ തുടരുകയാണോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇന്ത്യയിൽ വിവിധ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ദല്ല ഭാര്യക്കൊപ്പം കാനഡയിലാണ് താമസിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു. ഖലിസ്ഥാനി ടൈഗർഫോഴ്‌സിന്റെ ആക്ടിംഗ് ചീഫായി പ്രവർത്തിച്ചുവരുന്ന ദല്ലയെ നിജ്ജാറിന്റെ പിൻഗാമിയായാണ് കണക്കാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |