മാന്നാർ: വാടകയ്ക്ക് വീടെടുത്ത് ചാരായം വാറ്റി വിൽപ്പന നടത്തിവന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിക്കാട് കൊട്ടാരത്തിപ്പുഴയിൽ താമസിച്ചുവന്ന അമ്പലപ്പുഴ നീർക്കുന്നം കൊച്ചുപുരക്കൽ വീട്ടിൽ അബ്ദുൽ മനാഫ് (32) ആണ് പിടിയിലായത്. വാടക വീട്ടിൽ നിന്ന് 100 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
കഴിഞ്ഞ ഒരാഴ്ചയായി വീടും പരിസരവും എക്സൈസ് നിരീക്ഷണത്തിൽ ആയിരുന്നു. ഫ്രീലാൻസ് ഫോട്ടോ ഗ്രാഫറായ മനാഫ് ഒരു ലിറ്റർ ചാരായത്തിന് 900രൂപ നിരക്കിലായിരുന്നു വിൽപ്പന നടത്തിയിരുന്നത്. ചെങ്ങന്നൂർ എക്സൈസ് ഇൻസ്പെക്ടർ കെ.ബിജുവിന്റെ നേതൃത്വത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ജോഷി ജോൺ, പ്രിവന്റീവ് ഓഫീസർ ബാബു ഡാനിയൽ (ഗ്രേഡ്), പ്രിവന്റീവ് ഓഫീസർമാരായ ആർ.പ്രകാശ്, വി.അരുൺ, സി.ഇ.ഒ മാരായ ശ്രീജിത്ത്,ഗോകുൽ, ഡബ്ല്യൂ.സി.ഇ.ഒ ഉത്തര നാരായണൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |