കൊച്ചി: ഇന്ത്യയിൽ ഒരു കോടിയിലധികം നികുതി വരുമാനമുള്ളവരുടെ എണ്ണം 2.2 ലക്ഷം കവിഞ്ഞു. പത്ത് വർഷത്തിനിടെ കോടി വരുമാനമുള്ളവരുടെ എണ്ണത്തിൽ അഞ്ചിരട്ടി വർദ്ധനയാണുണ്ടായത്. കൊവിഡിന് ശേഷമുള്ള മൂന്ന് വർഷത്തിനിടെ പുതിയ ഒരു ലക്ഷം പേരാണ് ഒരു കോടി രൂപയിലധികം നികുതി വരുമാനവുമായി പട്ടികയിൽ ഉൾപ്പെട്ടത്. 2022-23 അസസ്‌മെന്റ് വർഷത്തിൽ ഐ.ടി റിട്ടേണുകൾ സമർപ്പിച്ചവരിൽ 52 ശതമാനം പേർ ഒരു കോടി മുതൽ അഞ്ച് കോടി രൂപ വരെ ശമ്പള വരുമാനമുള്ളവരാണ്. അഞ്ഞൂറ് കോടി രൂപയിലധികം വാർഷിക വരുമാനമുള്ളവർ 23ആണ്. ഇവരെല്ലാം ബിസിനസ്, പ്രൊഫഷണൽ മേഖലയിൽ നിന്നുള്ളവരാണ്. നൂറ് മുതൽ അഞ്ഞൂറ് കോടി വരെ വരുമാനമുള്ള 262 നികുതിദായകരിൽ 19 പേർ മാത്രമാണ് ശമ്പളക്കാർ.
പത്ത് വർഷം മുമ്പ് 44,078 പേർക്കാണ് ഒരു കോടിയിലധികം നികുതി വരുമാനമുണ്ടായിരുന്നത്. 2013-14 അസസ്‌മെന്റ് വർഷത്തിൽ ഒരാൾക്ക് മാത്രമാണ് 500 കോടി രൂപയിലധികം വാർഷിക വരുമാനമുണ്ടായിരുന്നത്.
വരുമാന വർദ്ധനയ്ക്ക് പിന്നിൽ
ഓഹരി വിപണിയിലെ മുന്നേറ്റം ജീവനക്കാർക്കും മറ്റ് നിക്ഷേപകർക്കും ഉയർന്ന വരുമാനം നൽകുന്നു
കമ്പനികളുടെ ലാഭത്തിലെ കുതിപ്പ് കണക്കിലെടുത്ത് ജീവനക്കാർക്ക് ഉയർന്ന ആനുകൂല്യങ്ങളും ബോണസും ലഭിക്കുന്നു
മികച്ച ജീവനക്കാരെ കണ്ടെത്തുന്നതിന് കമ്പനികൾ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നു
സാങ്കേതികവിദ്യയുടെയും നിർമ്മിത ബുദ്ധിയുടെയും സഹായത്തോടെ നികുതി സമാഹരണം ഉൗർജിതമായതോടെ റിട്ടേൺ നൽകുന്നവരുടെ എണ്ണം കൂടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |