ആരോഗ്യ ടൂറിസം മേഖലയ്ക്ക് കരുത്താകും
കൊച്ചി: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ വൻകിട ഗ്രൂപ്പുകളും കോർപ്പറേറ്റ് സ്ഥാപനങ്ങളും നിക്ഷേപം ഒഴുക്കുന്നു. ആശുപ്രതികളിലേക്ക് അധിക നിക്ഷേപമെത്തുന്നതോടെ ആരോഗ്യ, ടൂറിസം ഹബായി മാറാൻ കേരളത്തിന് അവസരമൊരുങ്ങുകയാണ്.
തിരുവനന്തപുരം കിംസിനെ ഈയിടെ ഹൈദരാബാദിലെ ക്വാളിറ്റി കെയർ ഇന്ത്യ ഏറ്റെടുത്തിരുന്നു. ആഗോള നിക്ഷേപ സ്ഥാപനമായ ബ്ളാക്ക്സ്റ്റോണിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രി ശൃംഖലയാണ് ക്വാളിറ്റി കെയർ. കിംസിന്റെ കൊച്ചി ആശുപത്രിയെ സിംഗപ്പൂരിലെ കിൻഡർ മെഡിക്കൽ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. കൊച്ചിയിലെ പി.വി.എസിനെ ലിസി ആശുപത്രിയാണ് സ്വന്തമാക്കിയത്.
ഹൈദരാബാദിലെ കൃഷ്‌ണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് കണ്ണൂരിലെ ശ്രീചന്ദ്, തൃശൂരിലെ വെസ്റ്റ്ഫോർട്ട് എന്നിവ സ്വന്തമാക്കി. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ 800 കിടക്കകൾ വീതമുള്ള സ്വന്തം ആശുപത്രികൾ ആരംഭിക്കാനും മറ്റ് ജില്ലകളിൽ ഓരോ ആശുപത്രികൾ ഏറ്റെടുക്കാനുമാണ് പദ്ധതിയെന്ന് കൃഷ്‌ണ ഹാേസ്‌പിറ്റൽസ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. ഭാസ്‌കർറാവു പറഞ്ഞു.
കോട്ടയത്തെ കാരിത്താസ് ആശുപത്രി മാതയെ ഏറ്റെടുത്തു. കോട്ടയത്തെ രണ്ട് ആശുപത്രികളുമായും ചർച്ച പുരോഗമിക്കുന്നു. തൊടുപുഴയിലെ ചാഴിക്കാട്ട് ആശുപത്രിയെ കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ഏറ്റെടുത്തു. ഈരാറ്റുപേട്ടയിലെ നിംസ്, പാലായിലെ മാർസ്ളീവ മെഡിസിറ്റി എന്നീ ആശുപത്രികളും ഏറ്റെടുക്കൽ ചർച്ചകളിലാണ്.
അസറ്റ് ലൈറ്റ് മോഡൽ
ആശുപത്രിയുടെ ഉടമസ്ഥാവകാശം നിലനിറുത്തി നടത്തിപ്പും നിയന്ത്രണവും ഏറ്റെടുക്കുന്ന അസറ്റ് ലൈറ്റ് മാതൃകയാണ് കോർപ്പറേറ്റുകൾ സ്വീകരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളൊരുക്കുന്നതിന് കോർപ്പറേറ്റുകൾ മുതൽമുടക്കും.
വികസനത്തിന് അവസരം
സാങ്കേതികവിദ്യയിലെ മാറ്റങ്ങൾക്കനുസരിച്ച് മാറാനാകാതെ പ്രതിസന്ധിയിലാകുന്ന ആശുപത്രികളിലാണ് നിക്ഷേപം എത്തുന്നത്. അത്യാധുനിക യന്ത്രസംവിധാനങ്ങൾക്കും ഉയർന്ന ശമ്പളത്തിൽ ഡോക്‌ടർമാരെ നിയമിക്കാനും ഇതിലൂടെ പണം ലഭിക്കും.
ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി നിർമ്മിക്കാൻ ഒരു കിടക്കയ്ക്ക് 50 ലക്ഷം മുതൽ ഒരുകോടി രൂപ വരെയാണ് ചെലവ്
'' പ്രമുഖ ശൃംഖലകൾ കടന്നുവരുന്നതോടെ സംസ്ഥാനത്തെ ആരോഗ്യ നിലവാരം വർദ്ധിക്കും.""
ഫർഹാൻ യാസിൻ
ഹോസ്‌പിറ്റൽ മാനേജ്മെന്റ് വിദഗ്ദ്ധൻ
''വൻകിടക്കാരുടെ വരവ് അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കുമെങ്കിലും ചികിത്സാച്ചെലവ് കൂടാനും ചെറിയ ആശുപത്രികളുടെ നിലനില്‌പ്പ് അപകടത്തിലാക്കാനും കാരണമാകും""
ഡോ. അൻവർ അഹമ്മദ് അലി
ജനറൽ സെക്രട്ടറി
കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽ അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |