ചെറുതുരുത്തി: 60 വർഷത്തോളമായി തമിഴ് നാട്ടിൽ നിന്നും ചെറുതുരുത്തി കോഴിമാംപറമ്പ് പ്രദേശത്തേക്ക് കുടിയേറിയതാണ്.
ജാതിയേതെന്ന് അറിയില്ല, സർട്ടിഫിക്കറ്റും ഇല്ല. ആനുകൂല്യങ്ങൾ ഒന്നുമില്ല. സർക്കാരിന്റെ എല്ലാ വിഭാഗങ്ങളിലും അപേക്ഷിച്ചെങ്കിലും അനുകൂലമായ മറുപടിയുണ്ടായില്ല. ദേശമംഗലം ആറങ്ങോട്ടുകരയിൽ പത്തോളം കുടുംബങ്ങളും ചെറുതുരുത്തി പഞ്ചായത്തിലെ കോഴിമാംപറമ്പ് പ്രദേശത്ത് പതിനഞ്ചോളം കുടുംബങ്ങളുമാണ് ഈ ദുരിതം പേറുന്നത്.
അതിനാൽ പഠന ആവശ്യങ്ങൾക്കും ആശുപത്രി ചികിത്സയ്ക്കും ഒരു തരത്തിലും സഹായം ലഭിക്കുന്നില്ല. വീടോ മറ്റ് ആവശ്യങ്ങളോ ലഭിച്ചിട്ടില്ല. ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ എല്ലാവരും പത്താം ക്ലാസിൽ പഠനം ഉപേക്ഷിക്കുകയാണ്. സ്‌കൂളുകളിൽ സ്‌കോളർഷിപ്പും അനുകൂല്യങ്ങളും ഉണ്ടെങ്കിലും ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ അപേക്ഷിക്കാനുമാകുന്നില്ല. 9,10 ക്ലാസിലെ സ്‌പെഷ്യൽ ഫീസ് പോലും അടയ്‌ക്കേണ്ടി വരാറുണ്ട് . കരിങ്കല്ലിൽ വീട്ടിലേക്ക് ആവശ്യമായ വസ്തുക്കൾ നിർമ്മിക്കുകയാണ് ഇവരുടെ പാരമ്പര്യ തൊഴിൽ.
എം.എൽ.എമാർക്കും മന്ത്രിമാർക്കും കോഴിക്കോട് കിർത്താഡ്‌സിലും അപേക്ഷ നൽകിയെങ്കിലും അനുകൂലമല്ല കാര്യങ്ങൾ. കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗ സംവരണ മണ്ഡലത്തിലാണ് താമസമെങ്കിലും ഇവർക്ക് മാത്രം ജാതി സർട്ടിഫിക്കറ്റില്ല . ഇപ്പോൾ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ സ്‌കൂൾ രജിസ്റ്ററിൽ കല്ലുമൂപ്പൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വില്ലേജിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭ്യമല്ല.
വോട്ട് ബഹിഷ്കരണത്തിന്
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തിലെ വോട്ട് ബഹിഷ്‌കരിക്കാനിറങ്ങുകയാണ് ഇവർ. ജാതി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകാമെന്ന് പറഞ്ഞ് കൈവശമുണ്ടായിരുന്ന ഐ.ഡി കാർഡ് ഉൾപ്പെടെയുള്ളവ മുൻ വാർഡ് മെമ്പർ വാങ്ങിക്കൊണ്ടുപോയെങ്കിലും ഇതുവരെ കാർഡുമില്ല നടപടിയും. വോട്ട് ചെയ്യില്ലെന്ന് പറഞ്ഞതോടെ ഇവരെ പല രാഷ്ട്രീയ കക്ഷികളും ഭീഷണിപ്പെടുത്തുന്നുണ്ട്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ഇവർ കനാൽ പുറമ്പോക്കിലാണ് താമസം. ഇവിടെ നിന്നും ഇറക്കിവിടുമെന്നാണ് ഭീഷണി.
കിർത്താഡ്‌സ് പോലെയുള്ള ഗവൺമെന്റ് സംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമായി ഇടപെട്ട് ജാതി സർട്ടിഫിക്കറ്റ് എത്രയും വേഗം നൽകാൻ നടപടി സ്വീകരിക്കണം.
ഷാജഹാൻ
പൊതുപ്രവർത്തകൻ
എളനാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |