SignIn
Kerala Kaumudi Online
Wednesday, 04 December 2024 3.31 AM IST

''പാവപ്പെട്ടവന് ഒരുനേരത്തെ അന്നത്തിനായി പദ്ധതി തുടങ്ങിയവൻ, സ്വത്ത് കൈക്കലാക്കിയ ശേഷം മക്കൾ ഉപേക്ഷിച്ച മാതാപിതാക്കൾക്ക് അത് തിരികെ നൽകിയവൻ''

Increase Font Size Decrease Font Size Print Page
n-prasanth

അഡിഷണൽ ചീഫ് സെക്രട്ടറി ജയതിലകും കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാവുകയാണ്. ജയതിലകിനെ സോഷ്യൽ മീഡിയയിൽ പരിഹാസം കലർത്തി വിമർശിച്ച പ്രശാന്ത് ഇന്നും അതുതുടരുകയാണ്. ജയതിലക് കൽപ്പിക്കുന്ന രീതിയിൽ ഫയലും റിപ്പോർട്ടും നോട്ടുമെഴുതാൻ വിസമ്മതിച്ച സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും നശിപ്പിച്ചെന്നാണ് പ്രശാന്തിന്റെ ആരോപണം. ഈ പ്രവണതയ്ക്ക് അന്ത്യം കുറിക്കാൻ താൻ ഒരു വിസിൽ ബ്ളോവറായി മാറുകയാണെന്നും. വെളിപ്പെടുത്തലുകൾ തുടരുമെന്നും പ്രശാന്ത് അസന്നിദ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

പ്രശാന്തിനെതിരെ നടപടിയുണ്ടാകുമെന്ന് സൂചന നൽകുന്നതാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച റിപ്പോർട്ട്. പ്രശാന്തിന്റേത് അച്ചടക്കലംഘനമാണെന്നും ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. എന്തായാലും ഇക്കാര്യത്തിൽ മുതിർന്ന-യുവ ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിൽ അഭിപ്രായ ഭിന്നത ഉയർന്നുകഴിഞ്ഞു.

സമൂഹമാദ്ധ്യമങ്ങളിലും ഇതു സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. പ്രശാന്തിനെ പിന്തുണച്ചുകൊണ്ട് പ്രമുഖ ആർക്കിടെക്‌ട് ആയ സുരേഷ് മഠത്തിൽവളപ്പിൽ ദീർഘമായ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. കോഴിക്കോട്ടെ അത്താഴപ്പട്ടിണിക്കാരന് വേണ്ടി ആണെങ്കിൽ കൂടി പ്രശാന്തിനായി പ്രതികരിക്കേണ്ടത് സമൂഹ മാദ്ധ്യമങ്ങളുടെ ഉത്തരവാദിത്വമാണ്, ബാധ്യതയാണ് എന്നാണ് സുരേഷ് കുറിച്ചത്.

സുരേഷ് മഠത്തിൽ വളപ്പിലിന്റെ കുറിപ്പ്-

നട്ടെല്ലുള്ളവൻ നാറിയാൽ പിന്നെ പരമ നാറിയാണ് " എന്ന് ചൊറിയാൻ വന്ന രാഷ്ട്രീയക്കാരുടെ മുഖത്തു നോക്കി പറഞ്ഞയാളാണ് ദി കിംഗ് സിനിമയിൽ കോഴിക്കോട് കളക്ടർ ആയിരുന്ന നമ്മുടെ മമ്മുക്ക, അത് കേട്ട് ഞാനും നിങ്ങളും ഒക്കെ കസേരയിൽ കയറിനിന്നു കയ്യടിച്ചതും, വായിൽ കയ്യിട്ടു വിസയിലടിച്ചതും ഒക്കെയാണ്.

ആത്മാഭിമാനവും ആർജ്ജവവും ഉള്ള സിവിൽ സർവീസുകാർ ചില സ്ഥാനങ്ങളിൽ എത്തുമ്പോൾ സിനിമകളിൽ തങ്ങൾ കണ്ട ജോസഫ് അലക്‌സും, ഭരത് ചന്ദ്രനും ആയി പൊതുജനം അവരെ താരതമ്യപ്പെടുത്തുക സ്വാഭാവികം. മമ്മൂട്ടിയും, സുരേഷ് ഗോപിയുമാണ് ഇക്കൂട്ടത്തിൽ ഏറ്റവും അധികം കയ്യടി വാങ്ങിയ സിവിൽ സർവീസ് സിനിമാ താരങ്ങൾ എങ്കിൽ യഥാർത്ഥ ജീവിതത്തിൽ അങ്ങനെ കയ്യടി വാങ്ങുകയും, രാഷ്‌ടീയക്കാരുടെ കണ്ണിൽ കരടാവുകയും ചെയ്ത സിവിൽ സർവീസുകാർ ഏറെയുണ്ട്. ടി എൻ ശേഷൻ, ആർ. കെ . ഖൈർനർ, ഡൽഹി ഡെവലപ്‌മെന്റ് കമ്മീഷണർ ആയിരുന്ന നമ്മുടെ അൽഫോൻസ് കണ്ണന്താനം ഒക്കെ ദേശീയതലത്തിൽ അങ്ങനെ കയ്യടി നേടിയവരാണ്. കേരളത്തിലും ഉണ്ടായിട്ടുണ്ട്. അതിൽ ഒറ്റ മീശ ചുരുട്ടലിൽ മുഴുവൻ മലയാളികളുടെയും തലയിൽ ഹെൽമെറ്റ്‌ വെപ്പിച്ച ഋഷിരാജ് സിങ് മുതൽ, കേരളത്തിലെ ഭക്ഷ്യ സുരക്ഷാ മേഖലയെ പിടിച്ചു കുലുക്കിയ ടി വി അനുപമ ഒക്കെ ഉൾപ്പെടും.

ചേലേമ്പ്ര ബാങ്ക് കവർച്ച അന്വേഷിച്ചു ലോക പോലീസ് അക്കാദമികളുടെ പാഠ്യ പദ്ധതികളിൽ സ്ഥാനം നേടിയ ജനകീയ പോലീസ് ഓഫീസർ വിജയനും, കൊറോണക്കാലത്ത് അരിച്ചാക്കു വരെ തലയിൽ ചുമന്നു ജനങ്ങളിലേക്കിറങ്ങിയ പി ബി നൂഹും, അദ്ദേഹത്തിൻറെ സഹോദരൻ പി ബി സലീമും അക്കൂട്ടത്തിൽ വരുന്ന, നിശബ്ദമായി മാറ്റങ്ങൾ സൃഷ്ടിച്ചവരാണ്.

കോഴിക്കോടിന്റെ ചരിത്രം എടുത്താൽ ജനങ്ങൾക്കും, കളക്ടർക്കും ഇടയിൽ ഉള്ള അധികാരത്തിന്റെ മേശ എടുത്തുമാറ്റിയ ജനകീയ കളക്ടർമാർ അമിതാബ് കാന്തും, സരസമായ ഔദ്യോഗിക ജീവിതത്തിലൂടെ കാര്യങ്ങൾ മാറ്റിമറിച്ച യു കെ എസ് ചൗഹാനും ഒക്കെ ആ ഗണത്തിൽ പെടുന്നു. അതുപോലെയാണ് കോഴിക്കോട്ടുകാരെ ആദ്യമായി തങ്ങളുടെ ജില്ലാ ഭരണ മേധാവിയെ " ബ്രോ " എന്ന് വിളിക്കാൻ പഠിപ്പിച്ച കലക്റ്റർ ബ്രോ പ്രശാന്ത് നായർ.

പ്രശാന്തിന്‌ എതിരെ ഉയർന്ന ആരോപണങ്ങളുടെ നിയമപരമായ ബാഹുല്യമോ, പരിധിയോ എനിക്കറിയില്ല. എന്നാൽ ഒന്നറിയാം. കോഴിക്കോട്ടെ വിശക്കുന്ന പാവപ്പെട്ടവന് ഒരു നേരത്തെ ആഹാരം നൽകാൻ വേണ്ടി " ഓപ്പറേഷൻ സുലൈമാനി " എന്ന പദ്ധതി തുടങ്ങി വെക്കുകയും അത് വിജയകരമായി നടത്തിക്കാണിക്കുകയും ചെയ്ത ആളാണ് ഈ പ്രശാന്ത്. സ്വത്തു കൈക്കലാക്കിയ ശേഷം മക്കൾ ഉപേക്ഷിച്ച മാതാപിതാക്കൾക്ക് ജില്ലാ മജിസ്‌ട്രേറ്റിന്റെ സവിശേഷാധികാരം ഉപയോഗിച്ച് പ്രസ്തുത മുതൽ തിരികെ വാങ്ങി നൽകി അവരുടെ സംരക്ഷണം ഉറപ്പുവരുത്തിയ അയാളാണ് ഈ പ്രശാന്ത്.

ആ പ്രശാന്തിനെയാണ് ഇന്ന് അമേധ്യം കോരിയെടുക്കാൻ പോലും അർഹതയില്ലാത്ത ഒരു പത്രവും, നട്ടെല്ലിന് വാഴപ്പിണ്ടിയുടെ പോലും ബലമില്ലാത്ത കുറെ ഐ എ എസ് കിഴങ്ങന്മാരും, പിന്നെ സ്വന്തം പഞ്ചായത്തിൽ പോലും നാലാൾ അറിയാത്ത കുറെ രാഷ്ട്രീയക്കാരും ചേർന്ന് വീഴ്ത്താൻ നോക്കുന്നത്.

മാധ്യമ വേശ്യാവൃത്തിയുടെ നേരെ പ്രശാന്ത് ഇന്നാട്ടിലെ നീതിന്യായ വ്യവസ്ഥയെ സമീപിക്കുകയും പത്രമുതലാളിമാരെ കൂട്ടിൽ കയറ്റുകയും ചെയ്തപ്പോൾ തന്നെ സാമാന്യബുദ്ധിയുള്ള പൊതുജനം ഊഹിച്ചതാണ് ഈ തിരിച്ചടി.

അതുപോലെ മമ്മൂക്കയുടെ പഴയ ഡയലോഗ് കടമെടുത്താൽ സെക്രട്ടേറിയറ്റിനുള്ളിലെ ഇരുണ്ട ഗുഹകളിൽ ഇരുന്നു പൊതുജനത്തിന് നേരെ നിഴൽ യുദ്ധം ചെയ്യുന്ന ഐ എ എസ് അക്കാദമി അടവച്ചു വിരിയിച്ചെടുത്ത, നാളിന്നുവരെ തനിക്കു ശമ്പളം നൽകുന്ന പൊതുജനത്തിന് നയാപൈസയുടെ ഉപകാരം ചെയ്യാത്ത ബ്രോയിലർ കോഴികളാണ് പ്രശാന്തിന്‌ നേരെ വാളോങ്ങുന്നത്.

കോഴിക്കോട്ടെ അത്താഴപ്പട്ടിണിക്കാരന് വേണ്ടി ആണെങ്കിൽ കൂടി പ്രതികരിക്കേണ്ടത് സമൂഹ മാദ്ധ്യമങ്ങളുടെ ഉത്തരവാദിത്വമാണ്, ബാധ്യതയാണ്...

TAGS: PRASANTH, IAS, SURESH MADATHIL VALAPPIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.