പത്തനംതിട്ട: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജിൽ വന്നതിൽ പൊലീസിന് പരാതി നൽകി പാർട്ടി. സിപിഎം ഇമെയിൽ മുഖേനയാണ് പത്തനംതിട്ട എസ്പിക്ക് പരാതി കൈമാറിയത്. പേജ് ഹാക്ക് ചെയ്തെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. പൊലീസിൽ പരാതി നൽകാൻ കോൺഗ്രസ് സിപിഎമ്മിനെ വെല്ലുവിളിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാർട്ടി നടപടി. പരാതി സൈബർ സെല്ലിന് കൈമാറുമെന്നും എസ്പി വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജിൽ വന്നത് ഹാക്കിംഗ് അല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. പേജിന്റെ അഡ്മിൻമാരിൽ ഒരാൾ തന്നെയാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്നാണ് വ്യക്തമായത്. തുടർന്ന് അഡ്മിൻ പാനൽ ജില്ലാ കമ്മിറ്റി അഴിച്ചുപണിതിരുന്നു. 'പാലക്കാട് എന്ന സ്നേഹവിസ്മയം' എന്നുള്ള തലവാചകത്തോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രമോഷൻ വീഡിയോ സിപിഎം പത്തനംതിട്ട നേതൃത്വത്തിന്റെ പേരിലെന്ന് സൂചനയുള്ള പേജിൽ വന്നത്.
സംഭവത്തിൽ സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടിയിരുന്നു. അതേസമയം രാഹുലിന്റെ വീഡിയോ സിപിഎം പേജിൽ വന്നത് സിപിഎം-കോൺഗ്രസ് ഡീലിന്റെ ഭാഗമാണെന്നും പാലക്കാട്ടെ ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |