സുരേഷ്ഗോപി പുണ്യം ചെയ്ത മനുഷ്യനാണെന്ന് തുറന്നുപറഞ്ഞ് നടൻ ദേവൻ. സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രി എത്തിയത് അദ്ദേഹത്തിന്റെ ഭാഗ്യമാണെന്നും ദേവൻ പറഞ്ഞു. സുരേഷ്ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും നടൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ദേവൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
'സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിന് ഞാൻ പങ്കെടുത്തില്ല. ആ ദിവസം തന്നെ കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഒരു പരിപാടിയിൽ ബിജെപിയുടെ കേരളത്തിൽ നിന്നുളള ഭാരവാഹികൾ വേണമായിരുന്നു. കുറഞ്ഞ സമയമുളളതുകൊണ്ട് പോകാൻ പറ്റിയില്ല. തിരുവനന്തപുരത്ത് സംഘടിപ്പിച്ച റിസപ്ഷന് പോയി. സുരേഷ് വളരെ സെന്റിമെന്റലായ വ്യക്തിയാണ്. അതുകൊണ്ട് തന്നെ മകളുടെ വിവാഹത്തിൽ അയാളുടെ സന്തോഷം വലുതായിരുന്നു. മക്കൾ സുരേഷിന്റെ ജീവനാണ്.നൻമ നിറഞ്ഞയാളാണ് സുരേഷ്ഗോപി.
കേരളത്തിൽ ബിജെപിയുടെ നിരവധി വമ്പൻമാരായ നേതാക്കളുണ്ട്. പക്ഷെ സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിനാണ് പ്രധാനമന്ത്രി പങ്കെടുത്തത്. അത് സുരേഷിന്റെ പുണ്യമാണ്. സുരേഷിൽ അദ്ദേഹം എന്തോ നന്മ കണ്ടതുകൊണ്ടാണ് വിവാഹത്തിന് വന്നത്'-ദേവൻ വ്യക്തമാക്കി.
രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും ദേവൻ കൂടുതൽ കാര്യങ്ങൾ പറഞ്ഞു. 'തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞാൻ പാകമായിട്ടില്ല. അവസരം വന്നിരുന്നു. ഞാൻ ബഹുമാനപൂർവം നിരസിച്ചു. 370 ഓളം സിനിമകൾ ചെയ്തു. അതിൽ കൂടുതലും വില്ലൻ വേഷങ്ങളാണ് ചെയ്തത്. സീരിയലിൽ ഇപ്പോൾ അഞ്ച് പെൺകുട്ടികളുളള അച്ഛന്റെ വേഷമാണ് ചെയ്യുന്നത്. ഇത് പൊതുജനങ്ങളെ ഒരുപാട് സ്വാധീച്ചിട്ടുണ്ട്. ഇത് എന്റെ രാഷ്ട്രീയ ഭാവിയെ സഹായിക്കും. അമ്മമാരുടെയും സഹോദരിമാരുടെയും ഇഷ്ടം കൂടുകയാണ്. രാഷ്ട്രീയത്തിൽ നല്ല കാര്യങ്ങൾ ചെയ്താൽ ജനങ്ങൾ തന്നെ നമ്മളെ ആവശ്യപ്പെടും. പെട്ടെന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുളള ആഗ്രഹമില്ല'-നടൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |