മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ 16ന് ശ്രീലങ്കയിൽ ആരംഭിക്കും. ഏഴുദിവസത്തെ ചിത്രീകരണമാണ് ശ്രീലങ്കയിൽ. തുടർന്ന് ഷാർജയിലാണ് ചിത്രീകരണം. ശ്രീലങ്കയിൽ ആദ്യദിവസം തന്നെ മമ്മൂട്ടിയും മോഹൻലാലും ജോയിൻ ചെയ്യും.
14ന് തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകനും എം.പിയുമായ ജോൺ ബ്രിട്ടാസിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്ന മമ്മൂട്ടിയും മോഹൻലാലും 15ന് ശ്രീലങ്കയിലേക്ക് പുറപ്പെടും. ട്വന്റി 20 ക്കുശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. മഹേഷ് നാരായണൻ ചിത്രത്തിൽ ഇരുവരും ആദ്യമാണ്. 30 ദിവസത്തെ ഡേറ്റാണ് മോഹൻലാൽ നൽകിയിട്ടുള്ളത്.
ഡിസംബർ 6ന് ചിത്രീകരണം ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാൽ മോഹൻലാലിന് സത്യൻ അന്തിക്കാട് ചിത്രത്തിൽ അഭിനയിക്കേണ്ടതുണ്ട്. ഡിസംബർ ആദ്യം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം പൂനെയിൽ ആരംഭിക്കും. മഹേഷ് നാരായണൻ ചിത്രം പൂർത്തിയാക്കിയശേഷം മോഹൻലാൽ സത്യൻ ചിത്രത്തിൽ ജോയിൻ ചെയ്യും. അതേസമയം 90 ദിവസത്തെ ചിത്രീകരണമാണ് മഹേഷ് നാരായണൻ ചിത്രത്തിന്. കേരളത്തിലും ഡൽഹിയിലും ലണ്ടനിലും ചിത്രീകരണമുണ്ട്.
ആക്ഷൻ ഗണത്തിൽപ്പെടുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. കുഞ്ചാക്കോ ബോബൻ, ദിവ്യപ്രഭ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ അറിയിപ്പ് ആണ് മഹേഷ് നാരായണന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് അംഗീകാരങ്ങളും നിരൂപക പ്രശംസയും നേടിയ ചിത്രം ഒ.ടി.ടി റിലീസായാണ് സ്ട്രീം ചെയ്തത്. മൾട്ടി സ്റ്റാറ്റുകളുമായി എത്തുന്ന മഹേഷ് നാരായണൻ ചിത്രം വൻപ്രതീക്ഷയാണ് നൽകുന്നത്. അടുത്ത വർഷത്തെ മേജർ ബിഗ്ബഡ്ജറ്റിലാണ്. മെഗാ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിക്കുമ്പോൾ ആരാധകലോകവും ആവേശത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |