കൊച്ചി: വിമാനത്താവളങ്ങളെയും ജലാശയങ്ങളെയും ബന്ധിപ്പിച്ച് സംസ്ഥാനത്ത് സീ പ്‌ളെയിൻ സർവീസ് ആരംഭിക്കുന്നതിന്റെ സാദ്ധ്യത വിലയിരുത്താനുള്ള പരീക്ഷണപ്പറക്കൽ വിജയകരം. ഇന്നലെ കൊച്ചിയിൽ നിന്ന് മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ ഇറങ്ങുകയും ഉയരുകയും ചെയ്‌ത സീ പ്‌ളെയിൻ നെടുമ്പാശേരിയിൽ തിരിച്ചെത്തി ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പറന്നു.
ബോൾഗാട്ടി പാലസിലെ മറൈൻ അരീനയ്‌ക്ക് സമീപത്ത് നിന്നാണ് വിമാനം മൂന്നാറിലേക്ക് പുറപ്പെട്ടത്. ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആദ്യ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. മൂന്നാറിലേക്ക് പുറപ്പെടുംമുമ്പ് മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, പി.രാജീവ്, വി.ശിവൻകുട്ടി, സംസ്ഥാന വ്യോമയാന സെക്രട്ടറി ബിജു പ്രഭാകർ, ടൂറിസം സെക്രട്ടറി കെ.ബിജു എന്നിവരുമായി വിമാനം കൊച്ചിക്ക് മുകളിൽ വട്ടമിട്ട് പറന്നു. കൊച്ചി മേയർ എം.അനിൽകുമാർ, ടൂറിസം അഡിഷണൽ ഡയറക്ടർ (ജനറൽ) പി.വിഷ്ണുരാജ്, ഡിഹാവ് ലാൻഡ് ഏഷ്യാപസഫിക് മേഖലാ വൈസ് പ്രസിഡന്റ് യോഗേഷ് ഗാർഗ് തുടങ്ങിയവർ പങ്കെടുത്തു.
കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിക്ക് കീഴിൽ വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന പരീക്ഷണപ്പറക്കലിന്റെ ഭാഗമായാണ് വിമാനം കേരളത്തിലുമെത്തിയത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പദ്ധതിയെ എതിർക്കാനുണ്ടായ സാഹചര്യം ഇപ്പോഴില്ല. യു.ഡി.എഫ് സർക്കാർ ചർച്ച പോലും നടത്താതെയാണ് പദ്ധതി നടപ്പാക്കാൻ ശ്രമിച്ചത്. അതിനെതിരെയാണ് ഇടതു തൊഴിലാളി സംഘടനകൾ സമരം നടത്തിയത്. പരിസ്ഥിതി പ്രശ്നങ്ങളില്ലാത്ത സ്ഥലങ്ങളിലാകും പദ്ധതി നടപ്പാക്കുക.
-മുഹമ്മദ് റിയാസ്,
ടൂറിസം മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |