കൊച്ചി: കായികമേളയുടെ അവസാന ദിവസം ട്രാക്കിനെ തീപിടിപ്പിച്ചത് 200 മീറ്റർ ഓട്ട മത്സരങ്ങളാണ്. ആദ്യം നടന്ന ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ പാലക്കാടിന്റെ ജെ. നിവേദ് കൃഷ്ണയാണ് സ്വർണം നേടിയത്. 22.31 സെക്കൻഡിൽ ലക്ഷ്യം തൊട്ടാണ് ജി എച്ച്. എസ്. എസ് ചിറ്റൂരിന്റെ താരം ഇരട്ടപ്പൊന്നണിഞ്ഞത്. 100 മീറ്ററിലായിരുന്നു ആദ്യ സ്വർണം . ജൂനിയർ പെൺകുട്ടികളിൽ 25.53 സെക്കൻഡിൽ ഫിനിഷ് ചെയ്ത ആലപ്പുഴയുടെ ആർ. ശ്രേയ സ്വർണം നേടി. സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസ് താരമായ ശ്രേയയും 100 മീറ്ററിൽ സ്വർണം നേടിയിരുന്നു. സീനിയർ ആൺകുട്ടികളിൽ കോതമംഗലം മാർബേസിലിന്റെ ജസിം ജെ. റസാഖ് സ്വർണം നിലനിറുത്തി. 21.83 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജസീം പൊന്നണിഞ്ഞത്. 400 മീറ്ററിൽ വെള്ളി നേടിയ ജാസിം തുടർച്ചയായി മൂന്നാം തവണയാണ് 200 മീറ്ററിൽ സ്വർണത്തിൽ മുത്തമിടുന്നത്. സീനിയർ പെൺകുട്ടികളിൽ ഫോട്ടോ ഫിനിഷിലാണ് ജേതാവിനെ കണ്ടെത്തിയത്. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ പാലക്കാടിന്റെ എം. ജ്യോതിക മീറ്റിലെ തന്റെ മൂന്നാം സ്വർണത്തിൽ മുത്തമിട്ടു. സബ് ജൂനിയർ പെൺകുട്ടികളിൽ കോഴിക്കോടിന്റെ അൽക്കാ ഷിനോജ് 27.11 സെക്കൻഡിൽ ഓടിയെത്തി സ്വർണത്തോടെ ട്രിപ്പിൾ തികച്ചു. 400, 600 എന്നിവയിൽ സ്വർണം ഓടി കെടുത്ത അൽക്ക സ്വർണം നേടിയ 4- 100 റിലേ ടീമിലും അംഗമായിരുന്നു. സബ് ജൂനിയർ ആൺകുട്ടികളിൽ തിരുവനന്തപുരത്തിന്റെ പി.കെ. സായൂജ് ഒന്നാമതെത്തി തന്റെ സ്വർണമെഡൽ നേട്ടം രണ്ടാക്കി. 400 മീറ്ററിൽ സ്വർണം നേടിയ സായൂജ് 100 മീറ്ററിൽ വെങ്കലം സ്വന്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |