കൊച്ചി: ഇന്ത്യൻ ഓഹരി വിപണിയിലെ കടുത്ത പ്രതിസന്ധികൾക്കിടയിലും സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പ്ളാനുകളിലൂടെ(എസ്.ഐ.പി) മ്യൂച്വൽ ഫണ്ടുകളിലെത്തുന്ന നിക്ഷേപം ചരിത്രത്തിലാദ്യമായി 25,000 കോടി രൂപ കവിഞ്ഞു. അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്സ് ഒഫ് ഇന്ത്യയുടെ(എ.എം.എഫ്.ഐ) കണക്കുകളനുസരിച്ച് ഒക്ടോബറിൽ എസ്.ഐ.പി നിക്ഷേപം 25,322.74 കോടി രൂപയാണ്. സെപ്‌തംബറിൽ 24,509 കോടി രൂപയായിരുന്നു. എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 10.12 കോടിയാണ്. ഒക്ടോബറിൽ പുതുതായി 24.19 ലക്ഷം എസ്.ഐ.പി അക്കൗണ്ടുകളാണ് തുറന്നത്. വിവിധ എസ്.ഐ.പികളുടെ കൈവശമുള്ള ആസ്‌തി സെപ്തംബറിൽ 13.30 ലക്ഷം കോടി രൂപയായി ഉയർന്നു.
രാജ്യത്തെ ഓഹരി വിപണി കൊവിഡിന് ശേഷം ചരിത്ര മുന്നേറ്റം നടത്തിയതോടെയാണ് ചെറുകിട നിക്ഷേപകർ എസ്.ഐ.പികൾ വഴിയുള്ള പണമൊഴുക്കിന് വേഗത വർദ്ധിപ്പിച്ചത്. മൂന്ന് വർഷത്തിനിടെ ഇന്ത്യൻ ഓഹരി വിപണിയിൽ 200 ശതമാനത്തിലധികം വളർച്ചയാണുണ്ടായത്. 2016 ഏപ്രിലിൽ പ്രതിമാസം എസ്.ഐ.പി നിക്ഷേപമായി 3,122 കോടി രൂപ മാത്രമാണ് ലഭിച്ചിരുന്നത്. 2020 മാർച്ചിൽ എസ്.ഐ.പി നിക്ഷേപം 8,500 കോടി രൂപയായി ഉയർന്നു. 2021 സെപ്തംബറിൽ എസ്.ഐ.പി നിക്ഷേപം 10,000 കോടി രൂപയും 2024 ഏപ്രിലിൽ 20,000 കോടി രൂപയായും ഉയർന്നു.
ആഭ്യന്തര നിക്ഷേപകർ കരുത്താർജിക്കുന്നു
ഒക്ടോബറിൽ ആഭ്യന്തര നിക്ഷേപകർ വിവിധ മ്യൂച്വൽ ഫണ്ടുകളിലൂടെ 41,887 കോടി രൂപയാണ് ഇന്ത്യൻ ഓഹരി വിപണിയിലെത്തിച്ചത്. സെപ്‌തംബറിനേക്കാൾ 21 ശതമാനം വർദ്ധനയാണ് നിക്ഷേപത്തിലുണ്ടായത്. ഓഹരി അധിഷ്ഠിത ഫണ്ടുകളിലേക്കുള്ള നിക്ഷേപ വളർച്ച 44 മാസമായി തുടരുകയാണ്. ഓരോ മാസവും പുതിയ നിക്ഷേപകർ രംഗത്തെത്തുന്നതിനാൽ ഏതൊരു കൊടുങ്കാറ്റും നേരിടാൻ ഇന്ത്യൻ ഓഹരി വിപണിക്ക് ശക്തി ലഭിക്കുകയാണ്.
വിദേശ നിക്ഷേപ പിന്മാറ്റത്തിലും പതറാതെ നിക്ഷേപകർ
ഒക്‌ടോബറിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 92,000 കോടി രൂപ പിൻവലിച്ചിട്ടും ഇന്ത്യൻ ഓഹരി വിപണി തകരാതിരുന്നത് ആഭ്യന്തര നിക്ഷേപകരുടെ പണമൊഴുക്കിന്റെ കരുത്തിലാണ്. ഓഹരി സൂചികകൾ ആറ് ശതമാനത്തിലധികം ഇടിവ് നേരിടുമ്പോഴും മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്കിലെ വർദ്ധന പ്രതീക്ഷ നൽകുന്നതാണെന്ന് അനലിസ്‌റ്റുകൾ പറയുന്നു.
മ്യൂച്വൽ ഫണ്ടുകളിലെ ഒക്ടോബറിലെ മൊത്തം നിക്ഷേപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |