തിരുവല്ല : ആരോഗ്യ പ്രവർത്തകർ മുതൽ സാധാരണ ജനങ്ങൾ വരെയുള്ളവരെ പരിശീലിപ്പിക്കാനായി അന്താരാഷ്ട്ര തലത്തിലെ പ്രഗൽഭരായ പരിശീലകരെ പങ്കെടുപ്പിച്ച് 14മുതൽ 17വരെ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദുരന്ത പ്രതിരോധ -നിവാരണ പരിശീലന അന്താരാഷ്ട്ര കോൺഫറൻസ് നടക്കും. മാർ അത്തനെഷ്യസ് യോഹാൻ പ്രഥമൻ മെമ്മോറിയൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ അമേരിക്കയിലെ ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി, വെയ്ൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ദുരന്തമുഖത്ത് പ്രവർത്തിക്കേണ്ടത് എങ്ങനെ എന്നതിനെപ്പറ്റി വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകൾ, വീഡിയോകൾ, പോസ്റ്റർ പ്രദർശനങ്ങൾ, പരിശീലന പരിപാടികൾ, ക്വിസ് മത്സരങ്ങൾ എന്നിവ കോൺഫറൻസിന്റെ ഭാഗമായി നടക്കും. ദുരന്തനിവാരണ മാർഗങ്ങളെപ്പറ്റി ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ബോധവത്കരണം നൽകാനാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രി മാനേജറുമായ ഫാ.സിജോ പന്തപ്പള്ളിൽ പറഞ്ഞു. ദുരന്തനിവാരണ മേഖലയിലെ അതിനൂതനമായ പരിഹാരങ്ങൾ പ്രദർശിപ്പിച്ച് ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ വിദ്യാർഥികൾ, കോളേജ്-സ്കൂൾ വിദ്യാർത്ഥികൾ, അദ്ധ്യാപകർ എൻ.സി.സി കേഡറ്റുകൾ തുടങ്ങി ദുരന്തനിവാരണ മേഖലയിൽ പ്രവർത്തിക്കാൻ സന്നദ്ധതയുള്ള എല്ലാവരെയും അതിന് പ്രാപ്തരാക്കാനുള്ള പരിശീലനം നൽകുമെന്നും അദ്ദേഹം അറിയിച്ചു. സർക്കാരിന്റെയും ജില്ലാകളക്ടറുടെ കീഴിലുള്ള ദുരന്തനിവാരണ സേനാ വിഭാഗങ്ങളുടെയും സമ്പൂർണ്ണ സഹകരണം കോൺഫറസിൽ നടക്കുന്ന മോക് ഡ്രില്ലിൽ അടക്കം ഉണ്ടായിരിക്കും. അൺഫോൾഡിംഗ് ന്യൂവർ ഇന്നോവേഷൻസ് ഫോർ ടുമാറോസ് എമർജൻസീസ് ആൻഡ് ഡിസാസ്റ്റേഴ്സ് - യുണൈറ്റഡ് 24 എന്ന പേരിലാണ് അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |