തിരുവനന്തപുരം; കേരള പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷൻ/സൊസൈറ്റി/ ലോക്കൽ അതോറിറ്റികളിൽ സ്റ്റെനോഗ്രാഫർ/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ അസിസ്റ്റന്റ്, ആരോഗ്യ വകുപ്പിൽ ജൂനിയർ സയന്റിഫിക് ഓഫീസർ,കേരള ലേബർ വെൽഫയർ ഫണ്ട് ബോർഡിൽ അസിസ്റ്റന്റ് മാനേജർ എന്നിങ്ങനെ സംസ്ഥാന, ജില്ല തലങ്ങളിൽ ജനറൽ, സ്പെഷ്യൽ റിക്രൂട്ട്മെന്റ് വിഭാഗങ്ങളിലായി 34 തസ്തികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
സാദ്ധ്യതാപട്ടിക
വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 503/2023, 504/2023) തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
ചുരുക്കപ്പട്ടിക
കോട്ടയം, എറണാകുളം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (എച്ച്.എസ്) മലയാളം മീഡിയം (കാറ്റഗറി നമ്പർ 78/2024), കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (എച്ച്.എസ്.) മലയാളം മീഡിയം (കാറ്റഗറി നമ്പർ 441/2023) തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
പ്രിൻസിപ്പൽ നിയമനം
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് എൻജിനിയറിംഗ് കോളേജുകളിൽ നിന്ന് വിരമിച്ച പ്രിൻസിപ്പൽ / പ്രൊഫസർമാർക്ക് ഐ.എച്ച്.ആർ. ഡി യുടെ എൻജിനിയറിംഗ് കോളേജുകളിൽ അഡ്ഹോക് വ്യവസ്ഥയിൽ പ്രിൻസിപ്പൽ തസ്തികയിലേക്ക് അപേക്ഷിക്കാം. എ.ഐ.സി.ടി.ഇ യോഗ്യതയുള്ള 60 വയസിൽ താഴെയുള്ളവർ 21 ന് വൈകിട്ട് അഞ്ചിനകം ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്പ്മെന്റ്, ചാക്ക, തിരുവനന്തപുരം വിലാസത്തിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക് : director@ihrd.ac.in
ഡെന്റൽ കൗൺസിൽ രജിസ്ട്രാർ നിയമനം
കേരള ഡെന്റൽ കൗൺസിലിൽ കരാറടിസ്ഥാനത്തിൽ രജിസ്ട്രാർ നിയമനത്തിന് സെക്രട്ടേറിയറ്റിൽ അഡിഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത പദവിയിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്. സ്ഥാപന മേധാവിയായിട്ടുള്ള പ്രവർത്തന പരിചയവും നിയമബിരുദവും അഭികാമ്യം. ബയോഡാറ്റയും മറ്റുരേഖകളും സഹിതം ഡിസംബർ 12ന് വൈകിട്ട് 4ന് മുമ്പ് രജിസ്ട്രാർ, കേരള ഡെന്റൽ കൗൺസിൽ, റ്റി.സി 27/741 (3), അമ്പലത്തുമുക്ക് , വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം – 35 വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് : www.dentalcouncil.kerala.gov.in. ഫോൺ : 04712478757, 2478758, 2478759.
അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി സമാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കായി അടൂർ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടത്തിയ അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി (ആർമി) സമാപിച്ചു. രണ്ടായിരത്തിലേറെ ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. സോൾജിയർ നഴ്സിംഗ് അസിസ്റ്റന്റ്/ ശിപായി ഫാർമ, മത അദ്ധ്യാപകർ വിഭാഗങ്ങളിലായി 158 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. റിക്രൂട്ട്മെന്റിന്റെ മെരിറ്റ് ലിസ്റ്റ് മാർച്ചിൽ പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |