ഇംഫാൽ: ഇടവേളയ്ക്കുശേഷം വീണ്ടും സംഘർഷഭരിതമായ മണിപ്പൂരിൽ 11 കുക്കി കലാപകാരികൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജിരിബാം ജില്ലയിലെ ബോരോബെക്ര പൊലീസ് സ്റ്റേഷൻ ആക്രമിക്കാനെത്തിയ സംഘത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. ഒരു സി.ആർ.പി.എഫ് ഭടന് അക്രമികളുടെ വെടിവയ്പിൽ സാരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക്ശേഷമാണ് സംഭവം.
അസാമിന്റെ അതിർത്തി ജില്ലയാണ് ജിരിബാം. കുക്കി സമുദായത്തിൽപ്പെട്ട യുവതി കഴിഞ്ഞയാഴ്ച ഇവിടെ കൊല്ലപ്പെട്ടിരുന്നു. മെയ്തി വിഭാഗക്കാരാണ് കൊലയ്ക്ക് പിന്നിലെന്നാണ് ആരോപണം.
ആയുധങ്ങളുമായി ഇരുവശത്തുനിന്നുമായി പൊലീസ് സ്റ്റേഷൻ വളയുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പൊലീസ് സ്റ്റേഷനു സമീപം മെയ്തി അഭയാർത്ഥി ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. ഇതായിരുന്നു അക്രമികളുടെ പ്രധാന ലക്ഷ്യം.
ഏറ്റുമുട്ടൽ രൂക്ഷമായതോടെ പിന്തിരിഞ്ഞ സംഘം പൊലീസ് സ്റ്റേഷന് ഒരു കിലോമീറ്റർ അകലെ മെയ്തി ഗ്രാമത്തിൽ ഒട്ടേറെ വീടുകളും കടകളും അഗ്നിക്കിരയാക്കി. ഇവിടെ ആൾക്കാർ കൊല്ലപ്പെട്ടോ എന്ന വിവരം പുറത്തുവന്നിട്ടില്ല. ജിരിബാമിൽ കഴിഞ്ഞ ജൂണിലെ ഏറ്റുമുട്ടലിൽ ഇരു വിഭാഗത്തിലുള്ളവരും കൊല്ലപ്പെട്ടിരുന്നു. അന്നുമുതൽ പ്രദേശം സി.ആർ.പി.എഫ് കാവലിലാണ്.
അരുംകൊല;
പ്രതികാരം
കഴിഞ്ഞ വ്യാഴാഴ്ച കുക്കി ഗ്രാമം ആക്രമിച്ച മെയ്തികൾ യുവതിയെ മാനഭംഗപ്പെടുത്തിയശേഷം ചുട്ടുകൊന്നു. ഇവരുടെ വീടിനും തീയിട്ടു
തൊട്ടുത്ത ദിവസം മെയ്തി യുവതിയെ കുക്കി കലാപകാരികൾ വെടിവച്ചുകൊന്ന് പകരം വീട്ടി. പാടത്ത് പണിയെടുക്കവെയായിരുന്നു ആക്രമണം
ഇന്നലെ രാവിലെ കുക്കികൾ ഇംഫാലിൽ കർഷകനു നേർക്ക് വെടിവച്ചു. ഇയാളുടെ നില ഗുരുതരം
മണിപ്പൂരിൽ കൊയ്‌ത്ത് സീസണാണ്. അക്രമം പതിവായതോടെ കർഷകർ പാടത്തിറങ്ങാൻ മടിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |