പാവറട്ടി : അയ്യങ്കാളി സ്മാരക വനിതാകേന്ദ്രത്തിലെ വാടകക്കാരിയെ ഒഴിപ്പിക്കേണ്ടതില്ലെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് അദാലത്തിലെ നിർദ്ദേശം തള്ളി കേസ് നടത്താൻ വക്കീലിനെ നിശ്ചയിക്കാനുള്ള മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നീക്കത്തിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്- സി.പി.എ അംഗങ്ങൾ. ഇറങ്ങിപ്പോക്ക് നടത്തിയ യു.ഡി.എഫ് അംഗങ്ങൾ വിയോജനക്കുറിപ്പും രേഖപ്പെടുത്തി. സി.പി.ഐ അംഗമായ നിഷ സുരേഷും വിയോജനക്കുറിപ്പ് നൽകിയത് ഭരണപക്ഷത്തിന് ക്ഷീണമായി. യു.ഡി.എഫ് അംഗങ്ങളായ ഒ.ജെ. ഷാജൻ മാസ്റ്റർ, ഗ്രേസി ജേക്കബ്, ഷെറീഫ് ചിറയ്ക്കൽ, മിനി ലിയോ എന്നിവരാണ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
തദ്ദേശസ്വയം ഭരണ വകുപ്പ് അദാലത്ത് നിർദ്ദേശം തള്ളി മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെടുത്ത തീരുമാനം ചോദ്യം ചെയ്ത് ചാവക്കാട് മുൻസിപ്പൽ കോടതിയിൽ വാടകക്കാരി നൽകിയ കേസിൽ വക്കീലിനെ നിശ്ചയിക്കാനുള്ള ഭരണസമിതി തീരുമാനമാണ് പ്രതിഷേധത്തിന് വഴിവച്ചത്. തദ്ദേശ വകുപ്പ് മന്ത്രിയുടെ അദാലത്തിന്റെ തീരുമാനം വാടകക്കാരിക്ക് അനുകൂലമായിട്ടും വ്യക്തി വിരോധത്താൽ വാടക മുറി കൊടുക്കാതിരിക്കാൻ കേസിന് വക്കീലിനെ ഏർപ്പെടുത്താൻ നടത്തുന്ന നീക്കം അന്യായവും ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ദുരുപയോഗം ചെയ്യാനുള്ള നീക്കവുമാണെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടി. വാടക കുടിശികയില്ലാത്ത സ്ത്രീയെ ഒഴിപ്പാക്കാൻ നടത്തുന്ന നീക്കം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |