റിയോ ഡി ജനീറോ : ബ്രസീലിൽ തേളുകളുടെ എണ്ണം കാട്ടുതീ പോലെ പടരുന്നതായി റിപ്പോർട്ട്. ചൂടുകൂടിയ കാലാവസ്ഥയും നഗര വത്കരണവും തേളുകളുടെ എണ്ണം കൂടാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നു. ബ്രസീലിലെ ഏറ്റവും അപകടകാരിയായ വിഷ ജീവിയെന്ന പദവിയും തേളിനാണ്. ആന്റിവെനത്തിനായി രാജ്യത്തിന്റെ പല ഭാഗത്തും ഡിമാൻഡ് കുത്തനെ ഉയർന്നു.
ലോകത്തെ ഏറ്റവും വിഷമുള്ള തേളുകളിലൊന്നായ ടൈറ്റിയസ് സെറലേറ്റസ് എന്നറിയപ്പെടുന്ന യെല്ലോ സ്കോർപിയനുകളുടെ ആവാസ കേന്ദ്രമാണ് ബ്രസീൽ. കഴിഞ്ഞ വർഷം തേളിന്റെ കുത്തേറ്റ 2,00,000 ത്തിലേറെ കേസുകളാണ് ബ്രസീൽ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തത്. ഇതിൽ 152 പേർ മരിച്ചു. 140 പേരാണ് ഇക്കാലയളവിൽ പാമ്പുകടിയേറ്റ് മരിച്ചത്.
2019ൽ 95 പേരാണ് രാജ്യത്ത് തേളിന്റെ കുത്തേറ്റ് മരിച്ചത്. ബ്രസീലിയൻ യെല്ലോ സ്കോർപിയനുകളാണ് മിക്ക കേസുകളിലും വില്ലൻ. പ്രധാനമായും കൊച്ചു കുട്ടികളെയാണ് ഇവയുടെ വിഷം ഗുരുതരമായി ബാധിക്കുന്നത്. തേൾ കുത്തിയെന്ന് മനസിലാക്കാൻ വൈകിയതും പല കേസുകളിലും മരണത്തിന് കാരണമായി.
അതേ സമയം, വടക്കൻ ആഫ്രിക്ക മുതൽ മിഡിൽ ഈസ്റ്റ് വരെയുള്ള പ്രദേശങ്ങളിലും താർ മരുഭൂമിയിലും കാണപ്പെടുന്ന ഡെത്ത് സ്റ്റോക്കർ തേളുകളാണ് ലോകത്തെ ഏറ്റവും അപകടകാരി. ഒറ്റ കുത്തിന് മനുഷ്യനെ കൊല്ലാൻ ശേഷിയുള്ളത്ര മാരക വിഷം ഇവയ്ക്കുണ്ട്. ഭൂമിയിലെ ഏറ്റവും വില കൂടിയ ദ്രാവകം തേളിന്റെ വിഷമാണ്. ഒരു ഗാലണിന് 39 മില്യൺ ഡോളറാണ് വില.
ഡെത്ത് സ്റ്റോക്കർ ഇനത്തിലുള്ള തേളുകളിൽ നിന്നാണ് ഇത്തരത്തിൽ വിഷം കൂടുതലായി ശേഖരിക്കുന്നത്. ശാസ്ത്രീയമായ കാരണങ്ങളാണ് തേൾ വിഷം ഇത്ര മൂല്യമുള്ളതാകാൻ കാരണം. ചികിത്സാ രംഗത്ത് തേൾ വിഷം പല രീതിയിലും പ്രയോജനപ്പെടുത്താമെന്ന് കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |