മുംബയ്: ബോളിവുഡ് താരം ഷാരൂഖ് ഖാന് നേരെ വധഭീഷണി മുഴക്കിയ അഭിഭാഷകൻ പിടിയിൽ. ഛത്തീസ്ഗഡ് സ്വദേശി മുഹമ്മദ് ഫെെസാൻ ഖാനെയാണ് അറസ്റ്റ് ചെയ്തത്. കുറച്ച് ദിവസം മുൻപാണ് ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം വന്നത്. ഷാരൂഖ് ഖാൻ 50 ലക്ഷം രൂപ നൽകണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നുമായിരുന്നു സന്ദേശം. പിന്നാലെ വധഭീഷണിക്കായി ഉപയോഗിച്ച ഫോണിന്റെ ഉടമ ഫെെസാൻ ആണെന്ന് കണ്ടെത്തി. എന്നാൽ തന്റെ ഫോൺ ദിവസങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ടുപോയതാണെന്നാണ് അയാൾ അന്ന് മൊഴി നൽകിയത്.
പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഫെെസാൻ തന്നെയാണ് കുറ്റം ചെയ്തതെന്ന് പൊലീസിന് മനസിലായി. ഭാരതീയ ന്യായ സംഹിതയുടെ 308 (4) , 351(3) (4) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഫെെസാൻ എന്തിനാണ് ഇത് ചെയ്തതെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ഒക്ടോബറിലും ഷാരൂഖിനെതിരെ വധഭീഷണി സന്ദേശമെത്തിയിരുന്നു. തുടർന്ന് വൈ പ്ലസ് കാറ്റഗറി സുരക്ഷയും പൊലീസ് അദ്ദേഹത്തിന് ഏർപ്പാടാക്കിയിരുന്നു. ആറ് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിനൊപ്പമുണ്ട്. നേരത്തേ ആയുധമേന്തിയ രണ്ട് ഉദ്യോഗസ്ഥരായിരുന്നു താരത്തിനൊപ്പം ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |