തിരുവനന്തപുരം: കൂറുമാറ്റ കോഴ വിവാദത്തിൽ തോമസ് കെ തോമസ് എംഎൽഎയ്ക്ക് ക്ളീൻചിറ്റ് നൽകി എൻസിപിയുടെ പാർട്ടിതല അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. തോമസിനെ സംരക്ഷിക്കാൻ വേണ്ടിയാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചതെന്ന ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ വാദമുഖങ്ങൾ അംഗീകരിക്കുന്നതാണ് കമ്മിഷൻ റിപ്പോർട്ട്. എൽഡിഎഫ് എംഎൽഎമാരായ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും എൻസിപി അജിത് പവാർ പക്ഷത്തിലേക്കെത്താൻ തോമസ് കോഴ വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയിന്മേലായിരുന്നു അന്വേഷണം. കോഴ വാഗ്ദാനം ആന്റണി രാജു മുഖ്യമന്ത്രിക്ക് മുന്നിൽ സ്ഥിരീകരിക്കുകയും കോവൂർ കുഞ്ഞുമോൻ നിഷേധിക്കുകയും ചെയ്തിരുന്നു.
എൻസിപിയുടെ അന്വേഷണ കമ്മിഷന് മുന്നിൽ കോവൂർ കുഞ്ഞുമോൻ തോമസിനെ ന്യായീകരിക്കുകയാണുണ്ടായത്. തോമസ് അത്തരം നീക്കം നടത്തിയിട്ടില്ലെന്നും കോഴ വാഗ്ദാനം ചെയ്തിട്ടില്ലെന്നുമാണ് കുഞ്ഞുമോന്റെ വിശദീകരണം. ആരോപണങ്ങൾ പൂർണമായി നിഷേധിക്കുകയും ചെയ്തു. തോമസിന്റെയും കുഞ്ഞുമോന്റെയും പ്രസ്‌താവനകൾ മൊഴികളായി ലഭിച്ചത് അതേപ്പടി അംഗീകരിച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയ്ക്ക് അന്വേഷണ കമ്മിഷൻ കൈമാറിയത്. എൻസിപി സംസ്ഥാന ഭാരവാഹികളായ പി എം സുരേഷ് ബാബു, കെ ആർ രാജൻ, ജോബ് കാട്ടൂർ, ലതിക സുഭാഷ് എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. അതേസമയം, കമ്മിഷനോട് സഹകരിക്കാൻ ആന്റണി രാജു തയ്യാറായില്ല. എൻസിപി കമ്മിഷന് മുന്നിൽ ആ പാർട്ടിക്ക് പുറത്തുനിന്നുള്ള താൻ സഹകരിക്കേണ്ട കാര്യമില്ലെന്നാണ് ആന്റണി രാജുവിന്റെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |