ന്യൂഡൽഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദം കേൾക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി. കേസ് ഇനി പരിഗണിക്കും വരെ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും. സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോത്തഗിയുടെ അപേക്ഷ പ്രകാരമാണ് വാദം മാറ്റിയത്. തനിക്ക് സുഖമില്ലാത്തതിനാൽ മറ്റൊരു ദിവസം വാദം കേൾക്കണമെന്ന് റോത്തഗി ആവശ്യപ്പെടുകയായിരുന്നു. 2016ലെ ഫോൺ പോലും പൊലീസ് ചോദിക്കുകയാണെന്ന് റോത്തഗി ഇന്ന് കേസ് പരിഗണിച്ചപ്പോൾ പറഞ്ഞു.
പരാതി നൽകാൻ എട്ടുവർഷം എന്തിനെടുത്തുവെന്ന ചോദ്യം രണ്ടംഗ ബഞ്ചിന് നേതൃത്വം നൽകുന്ന ജസ്റ്റിസ് ബേല എം ത്രിവേദി ആവർത്തിച്ചു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കില്ലെന്നും തെളിവുകൾ കെെമാറുന്നില്ലെന്നും ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്നും കേരള സർക്കാരിന്റെ അഭിഭാഷകൻ രഞ്ചിത് കുമാർ പറഞ്ഞു.
താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ലെന്നും തനിക്കെതിരെ മാദ്ധ്യമവിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണെന്നും നടൻ സിദ്ദിഖ് ഇന്നലെ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിനെതിരെ സുപ്രീം കോടതിയിൽ നൽകിയ മറുപടി സത്യവാങ്‌മൂലത്തിൽ പറഞ്ഞിരുന്നു.
'കേസിൽ എനിക്ക് ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ല. കേസെടുക്കാൻ ഉണ്ടായ കാലതാമസത്തെക്കുറിച്ചുള്ള വിശദീകരണവും നിലനിൽക്കില്ല. ഡബ്ള്യുസിസിയിൽ അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നിൽ പരാതിക്കാരി വിഷയം ഉന്നയിച്ചിട്ടില്ല. എനിക്കെതിരെ മാദ്ധ്യമവിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണ്. ഞാൻ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല. പ്രധാന കഥാപാത്രമായി ചുരുക്കം സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്. ചെയ്തതിൽ അധികവും സഹവേഷങ്ങളാണ്.
യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നു. ഇല്ലാക്കഥകളാണ് മെനയുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് എന്നെ പ്രതിയാക്കിയത്' എതിർ സത്യവാങ്‌മൂലത്തിൽ സിദ്ദിഖ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |